2023ൽ 450 നിയമ ലംഘനങ്ങൾ പരിശോധന പ്രവർത്തനങ്ങൾ ശക്തമാക്കി ട്രാഖീസ്

ദുബായ്, 27 മാർച്ച് 2024 (WAM) -- അംഗീകൃത വികസന മേഖലകളിലെ റീട്ടെയിൽ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ്റെ റെഗുലേറ്ററി ബോഡിയായ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പ്ലാനിംഗ് ആൻഡ് ഡവലപ്‌മെൻ്റ് (ട്രാഖീസ്) പരിശോധന പ്രവർത്തനങ്ങൾ ശക്തമാക്കിയതായി കഴിഞ്ഞ വർഷത്തെ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട്. 2023ൽ നടത്തിയ 22,249-ലധികം പരിശോധനകളുടെ, ഫലമായി 450 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായാണ് പ്രാഥമിക കണക്ക്.

അടുത്തിടെ വെളിപ്പെടുത്തിയ ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, 2022-നെ അപേക്ഷിച്ച് 2023-ലെ ഇൻസ്പെക്ഷൻ ട്രിപ്പുകളിൽ 108 ശതമാനം വർദ്ധനവ് ട്രാഖീസ് ലൈസൻസിംഗ് ഡിപ്പാർട്ട്മെൻ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022-ൽ വാണിജ്യ, റീട്ടെയിൽ പരിശോധനാ വകുപ്പ് നടത്തിയ 10,692 പരിശോധനകളിൽ 220 കുറ്റകൃത്യങ്ങൾ കണ്ടെത്തിയിരുന്നു.

"ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി നിയമ ലംഘനങ്ങൾ കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഈ പരിശോധനകൾ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുകയും വ്യാപാര, റീട്ടെയിൽ മേഖലകളിലെ മാനദണ്ഡങ്ങളും ആവശ്യകതകളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്," ട്രാഖീസിൻ്റെ സിഇഒ അബ്ദുള്ള ബെൽഹൂൾ പറഞ്ഞു.

"ഈ പരിശോധനകൾ നടത്തുന്നതിന് ഞങ്ങൾ വ്യത്യസ്ത ഗ്രൂപ്പുകളെ നിയോഗിച്ചു. ഔപചാരികമായ അനുമതിയില്ലാതെ അധിക ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നത് മുതൽ നിയമങ്ങളുമായി യോജിച്ച് പാലിക്കേണ്ട ഡിപ്പാർട്ട്‌മെൻ്റിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് വരെ പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങളാണ്," അദ്ദേഹം വ്യക്തമാക്കി.

എല്ലാ വാണിജ്യ പ്രവർത്തനങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും സമഗ്രത ഉറപ്പുനൽകുന്ന അംഗീകൃത വാർഷിക പരിശോധനാ പദ്ധതി പ്രകാരം, സാധാരണ ടൂറുകളിൽ നിന്ന് വ്യതിചലിക്കുന്ന രീതിയിലാണ് പരിശോധന സന്ദർശനങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിയമലംഘനം നടത്തുന്നവർക്കുള്ള രാജ്യത്തിൻ്റെ നിയമപരമായ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി ഉപരോധങ്ങളും പിഴകളും നടപ്പിലാക്കുന്നതിനൊപ്പം, പരിശോധന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ട്രഖീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രതിബദ്ധതയ്ക്ക് ബെൽഹൂൾ അടിവരയിട്ടു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനു പുറമെ, ബിസിനസുകൾ ഉചിതമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന വകുപ്പിൻ്റെ ലക്ഷ്യത്തിന് അനുസൃതമായാണ് ഈ പരിശോധനാ നടത്തുന്നതെന്നും, അദ്ദേഹം വിശദീകരിച്ചു.


WAM/അമൃത രാധാകൃഷ്ണൻ