പ്രാഗ്, 27 മാർച്ച് 2024 (WAM) -- വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ചെക്ക് വിദേശകാര്യ മന്ത്രി ജാൻ ലിപാവ്സ്കിയുമായി കൂടിക്കാഴ്ച നടത്തി.
ശൈഖ് അബ്ദുള്ളയുടെ പ്രാഗ് സന്ദർശനത്തിൻ്റെ ഭാഗമായുള്ള കൂടിക്കാഴ്ചയിൽ പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധവും എങ്ങനെ ശക്തിപ്പെടുത്താം എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
യുഎഇയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വികസന ബന്ധങ്ങൾ ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികൾ രണ്ട് മന്ത്രിമാരും പരിശോധിച്ചു.
രണ്ട് രാഷ്ട്രങ്ങളുടെയും സഹകരണ തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വളർച്ചയെ ശൈഖ് അബ്ദുല്ല ബിൻ സായിദ് പ്രശംസിക്കുകയും ചെക്ക് റിപ്പബ്ലിക്കുമായുള്ള ബന്ധം വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിന് യുഎഇ ഉയർന്ന മൂല്യം നൽകുകയും ചെയ്തു.
ചെക്ക് റിപ്പബ്ലിക്ക് വിദേശകാര്യ മന്ത്രി, യുണൈറ്റഡ് അറബ് എമിറേറ്റുകളുമായി നിരവധി മേഖലകളിൽ സഹകരണ ബന്ധം വളർത്തിയെടുക്കാനുള്ള തൻ്റെ രാജ്യത്തിൻ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ശൈഖ് അബ്ദുല്ല ബിൻ സായിദിനെയും അദ്ദേഹത്തിൻ്റെ പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്യുകയും ചെയ്തു.
ഇരു നേതാക്കളും മിഡിൽ ഈസ്റ്റിലെ, പ്രത്യേകിച്ച് ഗാസ മുനമ്പിലെ സമീപകാല സംഭവവികാസങ്ങളുടെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
സിവിലിയൻ സുരക്ഷയും സംരക്ഷിക്കുന്നതിനും ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സുസ്ഥിര വെടിനിർത്തലിനായുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും ഏകീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.
കൂടാതെ, സിവിലിയൻ ജീവൻ സംരക്ഷിക്കേണ്ടതിൻ്റെയും പൗരന്മാരുടെ കഷ്ടപ്പാടുകൾ കുറയ്ക്കുന്ന തരത്തിൽ ഗാസയ്ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കേണ്ടതിൻ്റെയും നിർണായക ആവശ്യകതയും തീവ്രവാദം, പിരിമുറുക്കം, ആക്രമം എന്നിവ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചെക്ക് റിപ്പബ്ലിക്കിലെ യുഎഇ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് ഡോ. ഗാലിയ അലി അൽ ഹുമൈദാൻ, സാമ്പത്തിക, വാണിജ്യകാര്യ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി സയീദ് മുബാറക് അൽ ഹജേരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചെക്ക് റിപ്പബ്ലിക്കിൻ്റെ വിദേശകാര്യ ഉപമന്ത്രി ജിരി കൊസാക്കും യോഗത്തിൽ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ