മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നിർണായക അവസരമാണ് സായിദ് മാനുഷിക ദിനാചരണം: ട്രെൻഡ് റിസർച്ച് ആൻഡ് അഡ്വൈസറി

അബുദാബി, 29 മാർച്ച് 2024 (WAM) --എല്ലാ വർഷവും റമദാൻ 19-ന് നടത്തുന്ന സായിദ് മാനുഷിക ദിനാചരണം സാഹോദര്യം, സ്നേഹം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നിർണായക അവസരമാണെന്ന് ട്രെൻഡ് റിസർച്ച് ആൻഡ് അഡ്വൈസറി ഊന്നിപ്പറഞ്ഞു.

"സായിദ് മാനുഷിക ദിനാചരണം യുഎഇയുടെ നേതൃത്വത്തിൻ്റെ പ്രതിബദ്ധതയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നടപ്പിലാക്കിയ ഫലപ്രദമായ മാനുഷിക പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും സ്ഥിരീകരിക്കുന്നു," ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ട്രെൻഡ് റിസർച്ച് ആൻഡ് അഡ്വൈസറിയുടെ സിഇഒ, ഡോ. മുഹമ്മദ് അബ്ദുല്ല അൽ-അലി പറഞ്ഞു.

മാനുഷിക പ്രവർത്തനങ്ങൾ ഇപ്പോൾ യുഎഇയുടെ ഐഡൻ്റിറ്റിയുടെ അവിഭാജ്യ ഘടകമാണെന്നും പൗരന്മാരുടെ യഥാർത്ഥ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാഷ്ട്രത്തിൻ്റെ സ്ഥാപക നേതാവായിരുന്ന അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ പൈതൃകത്തെ രാജ്യത്തിൻ്റെ നേതൃത്വം ആദരിക്കുന്നുവെന്ന് അൽ അലി പ്രസ്താവിച്ചു.

ഈ തന്ത്രത്തിൽ നിന്ന് മാനുഷിക പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു, ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്തെ ഏറ്റവും മികച്ച വിദേശ സഹായ ദാതാവ് എന്ന നിലയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ ശ്രദ്ധേയമായ സ്ഥാനം ഇതിന് തെളിവാണ്.

യുഎഇയുടെ മാനുഷിക പ്രവർത്തനങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയതായി ട്രെൻഡ്‌സ് സിഇഒ ഊന്നിപ്പറഞ്ഞു. മാനുഷിക പ്രതിസന്ധികൾ നേരിടുന്ന പ്രദേശങ്ങളിൽ സന്നദ്ധ സംഘടന പ്രവർത്തകർ നേരിട്ടെത്തി പ്രദേശവാസികളുമായി ഇടപഴകി അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നു. ഇത് ഭൗതിക സഹായം നൽകുന്നതിനുമപ്പുറം മാനുഷിക പ്രവർത്തനങ്ങളിലെ രാജ്യത്തിന്റെ സമഗ്ര സമീപനത്തിന് ഉദ്ദാഹരണമാണ്.


WAM/അമൃത രാധാകൃഷ്ണൻ