മാനവിക മൂല്യങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതാണ് സായിദ് ഹ്യുമാനിറ്റേറിയൻ ഡേ: സുഹൈൽ അൽ മസ്‌റൂയി

ദുബായ്, 2024 മാർച്ച് 29, (WAM) -- എല്ലാ വർഷവും റമദാൻ 19-ന് ആചരിക്കുന്ന സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ച് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം നിരവധി ചാരിറ്റി സംരംഭങ്ങൾ സംഘടിപ്പിച്ചു.

"സായിദ് മാനുഷിക ദിനം സമൂഹത്തിന് തിരികെ നൽകാനുള്ള ദിനമാണ്. ശൈഖ് സായിദ് യുഎഇ ജനതയിൽ പകർന്നു നൽകിയ മാനുഷിക മൂല്യങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സഹായം ആവശ്യമുള്ളവർക്ക് നൽകുന്നതിനും കൈത്താങ്ങേകുന്നതിനും ഞങ്ങളുടെ നേതൃത്വം അതേ പാതയിൽ തന്നെ തുടരുന്നു." ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി ഈ അവസരത്തിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു

“ജീവകാരുണ്യവും മാനുഷികവുമായ പ്രവർത്തനങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ഭാഗവുമാണ്, ലോകമെമ്പാടുമുള്ള ആളുകൾ എവിടെയായിരുന്നാലും അവരിലേക്ക് സഹായം എത്തിക്കാൻ ശ്രമിക്കുന്നു. ഗാസയിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ജീവൻ രക്ഷാ സഹായം നൽകി സഹായഹസ്തം നീട്ടിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇത് രാജ്യത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളുടെ പുനരുൽപ്പാദിപ്പിക്കാവുന്നതും സുസ്ഥിരവുമായ സംരംഭങ്ങൾക്ക് സംഭാവന നൽകുന്നതിലൂടെ യുഎഇ നൽകുന്ന പിന്തുണയെ മന്ത്രി അഭിനന്ദിച്ചു.

പരിമിതമായ വരുമാനമുള്ള കുടുംബങ്ങൾക്കും ബ്ലൂകോളർ തൊഴിലാളികൾക്കും റമദാൻ ഭക്ഷണം വിതരണം ചെയ്യുക, നോമ്പുകാർക്ക് പാക്കറ്റ് ചെയ്ത ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുക, മന്ത്രാലയത്തിലെ ഊർജ, പെട്രോളിയം കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഷരീഫ് അൽ ഒലാമയുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിലെ സപ്പോർട്ട് സ്റ്റാഫുകൾക്കായി ഒരു സമൂഹ ഇഫ്താർ സംഘടിപ്പിക്കുക എന്നിങ്ങനെ വിവിധ പരിപാടികൾ മന്ത്രാലയം സംഘടിപ്പിച്ചു.