ഛാഡിൽ റമദാൻ സഹായ വിതരണം തുടർന്ന് യുഎഇ ഹ്യൂമാനിറ്റേറിയൻ ടീം

അംജറാസ്, 2024 മാർച്ച് 31, (WAM) – ചാഢ് നഗരമായ അംജറാസിൽ യുഎഇ മാനുഷിക സംഘം റമദാൻ പരിപാടികളുടെ ഭാഗമായി സുഡാനീസ് അഭയാർഥികൾക്കും പ്രാദേശിക സമൂഹത്തിനും റമദാൻ റേഷൻ വിതരണം ചെയ്തു. കൂടാതെ, താമസക്കാരുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനും മാനുഷിക സഹായം നൽകുന്നതിനുമായി അവർ നഗരത്തിനടുത്തുള്ള ഗ്രാമങ്ങളും പട്ടണങ്ങളും സന്ദർശിക്കുകയും ചെയ്തു.

അടിയന്തിര മാനുഷിക ആഹ്വാനങ്ങളോട് പ്രതികരിക്കാനും സഹായം ഏറ്റവും ആവശ്യമുള്ള ഗ്രൂപ്പുകൾക്ക് സഹായഹസ്തം നീട്ടാനുമുള്ള നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ.

എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി), സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആന്‍റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവ ഉൾപ്പെടുന്ന ടീം, ചാഡിലെ യുഎഇ എയ്ഡ് കോർഡിനേഷൻ ഓഫീസുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

റമദാൻ കാമ്പെയ്‌നിൻ്റെ ഭാഗമായി, ടീം അംദ്‌ജറാസിലെ നിരവധി ഗ്രാമങ്ങളിൽ 6,000 ഭക്ഷണ കൊട്ടകളും 500 ദുരിതാശ്വാസ ബാഗുകളും ജീവിത സാമഗ്രികളും വിതരണം ചെയ്തു.

റംസാൻ കൊട്ടകളിൽ അരി, മാവ്, പഞ്ചസാര, എണ്ണകൾ, ധാന്യങ്ങൾ, കുഞ്ഞുങ്ങളുടെ പാൽ, ഈന്തപ്പഴം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു, അതേസമയം ദുരിതാശ്വാസ ബാഗുകളിൽ അടുക്കള പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, പരവതാനികൾ, കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മറ്റ് വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.

സുഡാനീസ് അഭയാർത്ഥികളെയും ഛാഡിലെ പ്രാദേശിക സമൂഹത്തെയും പിന്തുണയ്ക്കുന്നതിനുള്ള തുടർച്ചയായ സംരംഭങ്ങളിലൂടെ യുഎഇയുടെ മാനുഷിക ശ്രമങ്ങളെ അംജറാസ് മുനിസിപ്പാലിറ്റി ഡയറക്ടർ മുഹമ്മദ് ഇദ്രിസ് പ്രശംസിച്ചു.

ദരിദ്ര ഗ്രാമങ്ങളിൽ റമദാൻ റേഷനും ഭക്ഷണ കൊട്ടകളും വിതരണം ചെയ്യുന്നത് നിർധന കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിന് വലിയ സംഭാവന നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷണ കൊട്ടകൾ, ദുരിതാശ്വാസ ബാഗുകൾ, അവശ്യസാധനങ്ങൾ എന്നിവയുടെ വിതരണം അംജറാസിന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിലും പട്ടണങ്ങളിലും എത്തിച്ചേർന്നുവെന്നും ഇത് താമസക്കാർക്ക് കാര്യമായി പ്രയോജനം ചെയ്തുവെന്നും എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ, അദ്ദേഹം വ്യക്തമാക്കി.

2023 ജൂലൈ 9-ന് സ്ഥാപിതമായതുമുതൽ, സുഡാനീസ് അഭയാർത്ഥികളിൽ നിന്നും പ്രാദേശിക സമൂഹത്തിൽ നിന്നുമുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിദിനം ശരാശരി 80 രോഗികൾ എന്ന തോതിൽ 20,000-ത്തോളം രോഗികൾ ആശുപത്രിയിൽ ചികിത്സ നേടിയിട്ടുണ്ടെന്ന് ചാഡിലെ യുഎഇ ഫീൽഡ് ഹോസ്പിറ്റൽ മേധാവി ഡോ. സലേം അൽ അമേരി പറഞ്ഞു. ഓർത്തോപീഡിക്‌സ്, ന്യൂറോ സർജറി, ജനറൽ സർജറി തുടങ്ങിയ സ്പെഷ്യാലിറ്റികളിൽ ലളിതവും മിതമായതും സങ്കീർണ്ണവുമായ ശസ്ത്രക്രിയകൾ ആശുപത്രി നടത്തിയിട്ടുണ്ട്.

തങ്ങളുടെ രാജ്യത്തെ പ്രതികൂല സാഹചര്യം മൂലം ദുരിതമനുഭവിക്കുന്ന സുഡാനീസ് ജനതയ്ക്ക് വൈദ്യസഹായം നൽകുന്നതിനും ചാഡിനെ പിന്തുണയ്ക്കുന്നതിനും അഭയാർഥികളുടെ പ്രവാഹം മൂലമുണ്ടാകുന്ന മാനുഷിക വെല്ലുവിളികൾ ലഘൂകരിക്കുന്നതിനുമായി റമദാനിൽ ഫീൽഡ് ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.