അൽ അരിഷ്, 1 ഏപ്രിൽ 2024 (WAM) --ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3ന് കീഴിൽ പലസ്തീനിയൻ ജനതയ്‌ക്കുള്ള മാനുഷിക സഹായത്തിൻ്റെ ഭാഗമായി, യുഎഇ ഗാസയിൽ താമസിക്കുന്ന അമ്മമാർക്കും കുട്ടികൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിതരണ പാക്കേജുകൾ അയച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്കനുസൃതമായി ദുരിതാശ്വാസ പാക്കേജുകൾ ഒരുക്കുന്നതിനുള്ള ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 ൻ്റെ ഭാഗമായി സംഘടനയുടെ തുടർച്ചയായ ശ്രമങ്ങളെക്കുറിച്ച് എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) സെക്രട്ടറി ജനറൽ ഹമൂദ് അബ്ദുല്ല അൽ ജുനൈബി, റിപ്പോർട്ട് ചെയ്തു. വടക്കൻ പ്രദേശത്തിന് ഊന്നൽ നൽകി ഗാസ മുനമ്പിലേക്ക് അയയ്‌ക്കുന്ന ദൈനംദിന ഭക്ഷണ സഹായത്തിൻ്റെയും മാനുഷിക ദുരിതാശ്വാസ സാമഗ്രികളുടെയും സുപ്രധാന ഘടകം ഈ സഹായ പാക്കേജുകളാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
"ഗാസയ്ക്ക് മാനുഷിക സഹായം നൽകുന്നതിനായി യുഎഇ ആരംഭിച്ച സമഗ്ര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ഭക്ഷണ വിതരണം. ഒന്നുകിൽ എയർഡ്രോപ്പ് ഓപ്പറേഷനുകളോ അല്ലെങ്കിൽ യുഎഇ റിലീഫ് കോൺവോയ്‌കളോ റഫ അതിർത്തി കടക്കുന്നതിന് ഉപയോഗിക്കുന്നു," എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അൽ ജുനൈബി പറഞ്ഞു.
എല്ലാ പലസ്തീനികൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണവും സഹായവും നൽകാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് അൽ ജുനൈബി ആവർത്തിച്ചു. വിവിധ അടിസ്ഥാന സാധനങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുറമെയാണ് ഈ പ്രത്യേക സഹായ പാക്കേജുകൾ നൽകുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗാസയിലേക്കുള്ള ശ്രദ്ധേയമായ സംഭാവനകൾ ലോകമെമ്പാടുമുള്ള മാനുഷിക ശ്രമങ്ങളിൽ യുഎഇയുടെ നേതൃത്വത്തെ പ്രകടമാക്കുന്നു, ഈ ദുഷ്‌കരമായ സമയങ്ങളിൽ പലസ്തീൻ ജനതയെ പിന്തുണയ്ക്കാനുള്ള അവരുടെ നിർദ്ദേശത്തിൻ്റെ പ്രതിഫലനവുമാണ്.
ഗാസ നിവാസികൾക്ക് ഈദ് വസ്ത്രങ്ങൾ നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന്, അൽ ജുനൈബി ചൂണ്ടിക്കാട്ടി. പലസ്തീൻ ജനതയ്ക്ക് ആവശ്യമായ മാനുഷിക സഹായം നൽകുന്നതിന് ഇആർസിയും മറ്റ് പ്രസക്തമായ സ്റ്റേറ്റ് സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ