ദുബായ്, 2 ഏപ്രിൽ 2024 (WAM) -- ഈ വിശുദ്ധ റമദാൻ മാസത്തിൽ, 'റമദാനിൽ സ്വയം പുനർനിർവചിക്കുക' എന്ന പേരിൽ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഒരു ബോധവൽക്കരണ കാമ്പയിൻ തുടക്കമിട്ടു. ആരോഗ്യ കൺസൾട്ടേഷനുകൾ, നിർദ്ദേശ സാമഗ്രികൾ, സമീകൃതാഹാരം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ചും കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിൽ അവബോധം ഉയർത്താൻ കാമ്പയിൻ ലക്ഷ്യമിടുന്നു. ഉറക്ക രീതികളും പുകവലി ഉപേക്ഷിക്കലും ഉൾപ്പെടെ വിവിധ ആരോഗ്യ വിഷയങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 'ആരോഗ്യകരമായത് തിരഞ്ഞെടുക്കുക, പാചകം ചെയ്യുക, ഭക്ഷണം കഴിക്കുക' എന്നിങ്ങനെ മൂന്ന് പ്രധാന പ്രമേയങ്ങളിൽ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകൾ പ്രയോജനപ്പെടുത്തി ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കാമ്പയിൻ ബോധവൽക്കരിക്കുന്നു. സാമൂഹിക ഇടപഴകൽ വർദ്ധിപ്പിക്കുന്നതിന് ഇൻ്ററാക്ടീവ് ക്വിസുകൾ, 30 ദിവസത്തെ ശാരീരിക പ്രവർത്തന വെല്ലുവിളി, റമദാൻ കടങ്കഥകൾ തുടങ്ങി വ്യത്യസ്ത പരിപാടികളും കാമ്പയിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനു പുറമേ, രാജ്യത്തെ സ്‌പോർട്‌സ് ക്ലബ്ബുകളിൽ സൗജന്യ പ്രവേശനം, ആരോഗ്യ-വിനോദ കേന്ദ്രങ്ങളിൽ സ്‌പോർട്‌സുമായി ബന്ധപ്പെട്ട പരിപാടികൾ, നോമ്പ് സമയത്ത് സമീകൃതാഹാരം പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൂട്ടി പ്ലാനിംഗ് നടത്തേണ്ട ആവശ്യകത ഉയർത്തിക്കാട്ടുന്ന സെമിനാറുകൾ എന്നിവയും ഉണ്ടായിരിക്കും.
കൂടാതെ, ആരോഗ്യകരമായ ഭക്ഷണരീതികൾ നടപ്പിലാക്കുന്നതിനും, പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും, റമദാൻ ഭക്ഷണത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതിനും, ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ നൽകുന്നതിനുമുള്ള ശുപാർശകൾ ഈ കാമ്പയിൻ വാഗ്ദാനം ചെയ്യുന്നു.
"ദേശീയ ആരോഗ്യ സൂചകങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്ന ആരോഗ്യകരമായ പെരുമാറ്റങ്ങൾ സമന്വയിപ്പിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം," എന്ന് പബ്ലിക് ഹെൽത്ത് സെക്‌ടറിൻ്റെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൾ റഹ്മാൻ അൽ റാൻഡ് പറഞ്ഞു.
ഈ മാസം ആരോഗ്യകരമായ ജീവിതം സ്വീകരിക്കാനുള്ള കമ്മ്യൂണിറ്റിയുടെ ഏറ്റവും മികച്ച അവസരമെന്ന നിലയിൽ, കാമ്പയ്‌നിന്റെ പ്രാധാന്യം വളരെ നിർണായകമാണെന്ന് ആരോഗ്യ വകുപ്പ് ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ നൗഫ് ഖാമിസ് അൽ അലി,അഭിപ്രായപ്പെട്ടു. സമീകൃതാഹാരം കഴിക്കുക, ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക, പുകവലി ഉപേക്ഷിക്കുക എന്നിവയിലൂടെ മോശം ഭക്ഷണശീലങ്ങൾ പരിഷ്കരിക്കാൻ അവർ എല്ലാവരോടും അഭ്യർത്ഥിച്ചു.
WAM/അമൃത രാധാകൃഷ്ണൻ