അബുദാബി, 2 ഏപ്രിൽ 2024 (WAM) -- അമാൽതിയ ഇനിഷ്യേറ്റീവിൽ യുഎഇയുടെ പങ്കാളിയായ വേൾഡ് സെൻട്രൽ കിച്ചൺ ടീമിനെ ലക്ഷ്യമിട്ട് ഇസ്രായേലി അധിനിവേശ സേന നടത്തിയ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
ഈ അപകടകരമായ സംഭവവികാസത്തിൻ്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേലാണെന്നും, അടിയന്തരവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിനും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് വിരുദ്ധമായി ഈ ഹീനമായ കുറ്റകൃത്യം ചെയ്തവരെ ശിക്ഷിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ആക്രമത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും, പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
അടിയന്തര വെടിനിർത്തലിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു, കൂടാതെ സാധാരണക്കാർ, സംഘടനകൾ, സിവിലിയൻ സൗകര്യങ്ങൾ, ദുരിതാശ്വാസ സംഘടനകൾ എന്നിവയെ ലക്ഷ്യം വയ്ക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചു.
മാനുഷിക സഹായത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ നിന്നും ഭക്ഷണം ആയുധമാക്കുന്നതിൽ നിന്നും പിന്മാറാനും, മാനുഷിക സഹായത്തിന് കാലതാമസം കൂടാതെ സംരക്ഷണം നൽകാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
WAM/അമൃത രാധാകൃഷ്ണൻ