യുഎഇ വിദേശകാര്യ മന്ത്രി ബുഡാപെസ്റ്റിൽ ഹംഗേറിയൻ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി

ബുഡാപെസ്റ്റ്, 2 ഏപ്രിൽ 2024 (WAM) --യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ബുഡാപെസ്റ്റിലേക്കുള്ള സന്ദർശനത്തിനിടെ ഹംഗറിയുടെ വിദേശകാര്യ, വാണിജ്യ മന്ത്രി പീറ്റർ സിജാർട്ടോയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിലെ സഹകരണ സാധ്യതകൾ ഇരുവരും ചർച്ച ചെയ്യുകയും പൊതുവായ ആശങ്കകൾ പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സാമ്പത്തിക സഹകരണ കരാറിൻ്റെ പ്രാധാന്യവും സാമ്പത്തിക, വ്യാപാര സഹകരണവും വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യം അവർ അടിവരയിട്ടു.

ശൈഖ് അബ്ദുല്ല ബിൻ സായിദ് ആഴത്തിലുള്ള യുഎഇ-ഹംഗറി ബന്ധം പുനഃസ്ഥാപിക്കുകയും യുഎഇയുടെ ഒരു പ്രധാന പങ്കാളിയെന്ന നിലയിൽ ഹംഗറിയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സുസ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അവർ ചർച്ച ചെയ്തു. മാനുഷിക സഹായ വിതരണം ഊർജിതമാക്കേണ്ടതിൻ്റെയും പലസ്തീൻ ജനതയ്ക്കുള്ള പിന്തുണ ശക്തിപ്പെടുത്തേണ്ടതിൻ്റെയും ആവശ്യകത ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.

കൂടിക്കാഴ്ചക്കു ശേഷം, ശൈഖ് അബ്ദുല്ല ബിൻ സായിദിനും, പ്രതിനിധി സംഘത്തിനും മന്ത്രി സിജാർട്ടോ ഇഫ്താർ വിരുന്ന് ഒരുക്കി. സാമ്പത്തിക, വാണിജ്യകാര്യ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി സയീദ് മുബാറക് അൽ ഹജേരി, ഹംഗറിയിലെ യുഎഇ അംബാസഡർ സൗദ് ഹമദ് അൽ ഷംസി എന്നിവർ വിരുന്നിൽ പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ