ദുബായ്, 3 ഏപ്രിൽ 2024 (WAM) --ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസിൻ്റെ വാർഷിക മാധ്യമ സമ്മേളനത്തിൽ പങ്കെടുത്തു. ചടങ്ങിൽ ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്നിഹിതരായിരുന്നു.
സമ്മേളനത്തിൽ, പ്രാദേശിക മാധ്യമ വികസനത്തിന് നൽകിയ സംഭാവനകൾക്ക് പ്രമുഖ എമിറാത്തി മാധ്യമ പ്രവർത്തകരെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആദരിച്ചു. പ്രാദേശിക വ്യവസായത്തിൻ്റെ വികസനത്തിന് കാര്യമായ സംഭാവനകൾ നൽകിയ എമിറാത്തി മീഡിയ പ്രൊഫഷണലുകളെ ആദരിക്കാൻ ദുബായ് മീഡിയ കൗൺസിൽ ആരംഭിച്ച 'ദുബായ് മീഡിയ പയനിയേഴ്‌സ്', സംരംഭത്തിന്റെ അടിസ്ഥാനത്തിലാണ് ആദരിക്കൽ. ഈ സംരംഭം അവരുടെ സംഭാവനകൾ സമൂഹത്തിൽ ഉയർത്തിക്കാട്ടുകയും, മുതിർന്ന മാധ്യമ പ്രവർത്തകരുടെ വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം നേടാൻ ഭാവി തലമുറയെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
യുഎഇയുടെ വികസന യാത്രയെ പിന്തുണയ്ക്കുന്നതിൽ മാധ്യമങ്ങളുടെ നിർണായക പങ്കിനെ ശൈഖ് മുഹമ്മദ് പ്രശംസിക്കുകയും ഇന്നത്തെ സാങ്കേതിക മുന്നേറ്റങ്ങൾ ലഭ്യമല്ലാത്ത സമയത്ത് രാജ്യത്തിന്റെ ഈ വികസനത്തെ പിന്തണച്ച മാധ്യമ പ്രവർത്തകരുടെ അർപ്പണബോധത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ദുബായിയുടെ ഭാവി അഭിലാഷങ്ങൾക്കനുസൃതമായി മാധ്യമ മേഖലയുടെ മത്സരശേഷി വർധിപ്പിക്കുന്നതിന് മുൻനിര മാധ്യമ പ്രവർത്തകരുടെ അറിവും അനുഭവവും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം യുവതലമുറയോട് അഭ്യർത്ഥിച്ചു.
ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്‌ടറും ദുബായ് ഗവൺമെൻ്റ് ഓഫ് മീഡിയ ഓഫീസ് ഡയറക്ടർ ജനറലുമായ മോന ഗാനെം അൽ മാരിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരും എഡിറ്റർ-ഇൻ-ചീഫ്, ടെലിവിഷൻ, റേഡിയോ പ്രൊഫഷണലുകൾ, ടിവി ഡയറക്ടർമാർ, അവതാരകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ