ഇറാഖിലെ തുറമുഖ, സാമ്പത്തിക മേഖലാ വികസനത്തിനായി ജിസിപിഐയുമായി പ്രാഥമിക കരാറിന് രൂപം നൽകി എഡി പോർട്ട് ഗ്രൂപ്പ്

അബുദാബി, 2024 ഏപ്രിൽ 03, (WAM) -- ഇറാഖിലുടനീളമുള്ള നഗരങ്ങളിലെ തുറമുഖങ്ങൾ, സാമ്പത്തിക മേഖലകൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ നിക്ഷേപം, മാനേജ്മെൻ്റ്, ഓപ്പറേഷൻ എന്നിവയ്‌ക്കൊപ്പം അൽ-ഫൗ ഗ്രാൻഡ് പോർട്ടും അതിൻ്റെ സാമ്പത്തിക മേഖലയും വികസിപ്പിക്കുന്നതിനുള്ള ഒരു സംയുക്ത സംരംഭം സ്ഥാപിക്കുന്നതിനായി വ്യാപാര, ലോജിസ്റ്റിക്‌സ്, വ്യവസായ മേഖലയിലെ മുൻനിര യുഎഇ കമ്പനിയായ എഡി പോർട്ട്‌സ് ഗ്രൂപ്പ്, ജനറൽ കമ്പനി ഫോർ പോർട്ട്‌സ് ഓഫ് ഇറാഖുമായി (ജിസിപിഐ) പ്രാഥമിക കരാറിന് രൂപംനൽകി.

എഡി പോർട്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമാ അൽ ഷാമിസിയും ഇറാഖ് ഗതാഗത മന്ത്രിയുടെയും വിദേശ വ്യാപാര സഹമന്ത്രിയുടെയും സാന്നിധ്യത്തിൽ ഇറാഖ് തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിയുടെ ഡയറക്ടർ ജനറൽ ഫർഹാൻ മുഹെസെൻ അൽ ഫർതോസിയും കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചു.

2021 സെപ്റ്റംബറിൽ ഇരു കക്ഷികളും ഒപ്പിട്ട ധാരണാപത്രവും (എംഒയു) സഹകരണം തീവ്രമാക്കുന്നതിനായി 2023 ഓഗസ്റ്റിൽ ഒപ്പിട്ട അനുബന്ധ കരാറിന് തുടർച്ചയായാണ് പ്രസ്തുത കരാറിൽ ഇരുകക്ഷികളും ഒപ്പുവെയ്ക്കുന്നത്.

അന്താരാഷ്ട്ര ടെർമിനൽ ഓപ്പറേറ്റർമാരെ ആകർഷിക്കുക, ആഗോള വ്യാപാര ബന്ധങ്ങൾ വളർത്തുക, വാണിജ്യ കടൽ ഇടനാഴികൾ വികസിപ്പിക്കുക, ഇറാഖിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുക എന്നിവയാണ് സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്. മൊത്തത്തിലുള്ള കാര്യക്ഷമതയും പ്രവർത്തന ശേഷിയും വർദ്ധിപ്പിക്കുന്നതിന് വിപുലമായ മാനേജ്മെൻ്റും ഓപ്പറേറ്റിംഗ് മോഡലുകളും ഉപയോഗിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ഇരു കക്ഷികളും നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുകയും തുറമുഖങ്ങൾ, സാമ്പത്തിക മേഖലകൾ, ഇറാഖ് തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിക്ക് കീഴിൽ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാധ്യതാ പഠനം നടത്തുകയും ചെയ്യും.

പ്രാദേശിക, ദേശീയ തലങ്ങളിൽ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകാനും ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ സമുദ്ര ഗതാഗതവും ചരക്ക് കപ്പൽ ഗതാഗതവും ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന പദ്ധതിയോടുള്ള പ്രതിബദ്ധത ഇറാഖിൻ്റെ ഗതാഗത മന്ത്രി പ്രകടിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാര വ്യാപനം വർധിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ്റെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഈ കരാർ നടപ്പിലാക്കുന്നതെന്ന് ഡോ. അൽ സെയൂദി പ്രസ്താവിച്ചു.

വ്യാപാരം, നിക്ഷേപം, സാമ്പത്തിക വളർച്ച എന്നിവയ്ക്കുള്ള പുതിയ അവസരങ്ങൾ തുറക്കുന്നതിന് തുറമുഖത്തിൻ്റെ തന്ത്രപ്രധാനമായ സ്ഥാനം പ്രയോജനപ്പെടുത്തുന്നതിനൊപ്പം തുറമുഖങ്ങളുടെയും സാമ്പത്തിക മേഖലകളുടെയും വികസനം മെച്ചപ്പെടുത്തുന്നതിനുള്ള തൻ്റെ പ്രതിബദ്ധത ജനറൽ കമ്പനി ഫോർ പോർട്ട്സ് ഓഫ് ഇറാഖിൻ്റെ ഡയറക്ടർ ജനറൽ പ്രകടിപ്പിച്ചു.

തന്ത്രപരമായ ആഗോള വ്യാപാരത്തിനും ലോജിസ്റ്റിക്‌സ് വളർച്ചയ്ക്കും വേണ്ടിയുള്ള ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത എഡി പോർട്ട്സ് ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയും വ്യക്തമാക്കി.