'സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാം' നിലനിർത്താൻ ആശയങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ബിസിനസ് മേഖലകളെ ക്ഷണിച്ച് എഫ്ടിഎ

ദുബായ്, ഏപ്രിൽ 4, 2024 (WAM) --യുഎഇ ഗവൺമെൻ്റിൻ്റെ സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിൻ്റെ വേഗത നിലനിർത്തുന്നതിനും സർക്കാർ പ്രക്രിയകൾ ലളിതമാക്കുന്നതിനൊപ്പം കാര്യക്ഷമതയും ഗുണനിലവാരവും വഴക്കവും വർദ്ധിപ്പിക്കുന്നതിന്, ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) തങ്ങളുടെ സേവനങ്ങളുടെ സുസ്ഥിര വികസനത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ബിസിനസ് മേഖലകളെ ക്ഷണിച്ചു. അണ്ടർ സെക്രട്ടറി മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ഹാവിയും എഫ്ടിഎ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനിയും യുഎഇയിലെ വ്യവസായ സമൂഹത്തിൻ്റെ പ്രതിനിധികൾക്കായി സംഘടിപ്പിച്ച അതോറിറ്റിയുടെ സുഹൂർ ആഘോഷത്തിൽ പങ്കെടുക്കവെയാണ് ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്. പൊതു, വാണിജ്യ മേഖലകളിലെ പങ്കാളികളുമായുള്ള സഹകരണവും ആശയവിനിമയവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അതോറിറ്റി ഈ പരിപാടി സംഘടിപ്പിച്ചത്.

എഫ്ടിഎ പ്രതിനിധികളും, ബിസിനസ് മേഖലകളിലെ പ്രതിനിധികളും തമ്മിൽ നിരന്തരമായി ആശയവിനിമയ നടത്തേണ്ടത്തിൻ്റെ ആവശ്യകത, അൽ ബുസ്താനി ഊന്നിപ്പറഞ്ഞു . വിവിധ സ്ഥാപനങ്ങളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് പഠിക്കുകയും, പ്രക്രിയകൾക്കും സേവനങ്ങൾക്കുമായി സ്ഥാപിക്കപ്പെട്ട സുസ്ഥിര വളർച്ചയ്‌ക്കായുള്ള പദ്ധതികളിൽ അവരുടെ സംഭാവനകൾ അദ്ദേഹം യോഗത്തിൽ എടുത്തുകാണിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ 2,000 സർക്കാർ പ്രക്രിയകൾ ഇല്ലാതാക്കാനും സർക്കാർ സേവനങ്ങൾ ആക്സസ് ചെയ്യുന്നതിന് ആവശ്യമായ സമയം 50% കുറയ്ക്കാനും ശ്രമിക്കുന്ന സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിലേക്ക് സംഭാവന നൽകുന്നതിനു പുറമേ, നികുതി നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്ഥാപിക്കാൻ എഫ്ടിഎ പ്രവർത്തിക്കുന്നു.

ഈ മേഖലയിലെ മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്ക് അനുസൃതമായി എല്ലാ മേഖലകളിലെയും
നികുതി ദായകരുടേയും കൂട്ടായ പരിശ്രമവും, അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളുടെയും സാഹചര്യങ്ങളുടെയും കൈമാറ്റത്തിലൂടെയുള്ള അവരുടെ സജീവമായ ഇടപെടലും ആവശ്യമാണെന്ന് എഫ്ടിഎ ഡയറക്ടർ ജനറൽ പ്രസ്താവിച്ചു. ഓരോ പ്രവർത്തന മേഖലയുടെയും വളർച്ചാ പദ്ധതികളെക്കുറിച്ച് പങ്കാളികളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിക്കുന്നതിന്, എഫ്ടിഎ പതിവായി യോഗങ്ങളും, ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട്.

കോർപ്പറേറ്റ് നികുതിക്ക് വിധേയമായ എല്ലാ നികുതിദായക വിഭാഗങ്ങൾക്കും നികുതി നിയമങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാൻ 2024 മെയ് 31-നകം രജിസ്ട്രേഷൻ അഭ്യർത്ഥനകൾ വേഗത്തിൽ ഫയൽ ചെയ്യാൻ അതോറിറ്റി നിർദ്ദേശിച്ചു. കൂടാതെ ഈ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം
എഫ്ടിഎ പ്രതിനിധികൾ ഊന്നിപ്പറയുകയും ചെയ്തു. മാർച്ച് 1-ന് ആരംഭിച്ച കോർപ്പറേറ്റ് നികുതി ഫയലിംഗിന്റെ സമയപരിധി ഇനി നീട്ടില്ലെന്നും അധികൃതർ അറിയിച്ചു.

WAM/അമൃത രാധാകൃഷ്ണൻ