സർക്കാർ സ്‌കൂളുകളിലെ യുഎഇ റസിഡൻ്റ് വിദ്യാർത്ഥികളുടെ സാമ്പത്തിക കുടിശ്ശിക തീർപ്പാക്കാൻ നിർദ്ദേശം നൽകി യുഎഇ രാഷ്ട്രപതി

അബുദാബി, 4 ഏപ്രിൽ 2024 (WAM) -- മുൻ അധ്യയന വർഷങ്ങളിൽ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ ചേർന്നിട്ടുള്ള യുഎഇ റസിഡൻ്റ് വിദ്യാർത്ഥികൾ നൽകാനുള്ള കുടിശ്ശിക തുക 155 ദശലക്ഷം ദിർഹം നൽകാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

വിദ്യാർത്ഥികളെ സഹായിക്കുന്നതിനും അവരുടെ പഠനത്തിൽ വിജയിക്കുന്നതിനുള്ള പ്രചോദനം വർദ്ധിപ്പിക്കുന്നതിനുമുള്ള തൻ്റെ തന്ത്രത്തിൻ്റെ ഭാഗമായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ സമൂഹത്തിൽ വേരൂന്നിയ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈ സംരംഭത്തിന് തുടക്കമിട്ടത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ താമസിക്കുന്നവരും രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ ചേരുന്നവരുമായ വിദ്യാർത്ഥികൾക്ക് ഈ സംരംഭം ബാധകമാണ്. എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെൻ്റുമായി സഹകരിച്ച്, 2023–2024 അധ്യയന വർഷം വരെയുള്ള ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അടയ്‌ക്കാത്ത എല്ലാ ഫീസും സംരംഭത്തിന് അനുസൃതമായി രാഷ്ട്രപതി നൽകും.

WAM/അമൃത രാധാകൃഷ്ണൻ