അബുദാബി, 5 ഏപ്രിൽ 2024 (WAM) --പരിക്കേറ്റ പലസ്തീൻ കുട്ടികളും കാൻസർ രോഗികളും ഉൾപ്പെടുന്ന പതിനഞ്ചാമത്തെ ബാച്ച് വെള്ളിയാഴ്ച യുഎഇയിൽ എത്തി. ഗാസ മുനമ്പിൽ നിന്ന് പരിക്കേറ്റ 1,000 കുട്ടികളെയും 1,000 കാൻസർ രോഗികളെയും യുഎഇയിലെ ആശുപത്രികൾ ചികിത്സിക്കാനുള്ള യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഉത്തരവനുസരിച്ചാണ് ഈ സഹായം.
അറുപത് കുടുംബാംഗങ്ങളെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 27 രോഗികളെയും വഹിച്ചുകൊണ്ടുള്ള വിമാനം സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പരിക്കേറ്റ രോഗികളെയും അടിയന്തര പരിചരണം ആവശ്യമുള്ളവരെയും മെഡിക്കൽ ഉദ്യോഗസ്ഥർ ആശുപത്രികളിലേക്ക് മാറ്റി, മറ്റ് രോഗികളെയും അവരുടെ പങ്കാളികളെയും എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലെ താമസ സ്ഥലങ്ങളിലേക്കും കൊണ്ടുപോയി.
ഈ മാനുഷിക ശ്രമത്തിന് ദുരിതബാധിതരുടെ കുടുംബങ്ങൾ യുഎഇയോടും അതിൻ്റെ നേതൃത്വത്തോടും നന്ദി രേഖപ്പെടുത്തി. പ്രയാസകരമായ സമയങ്ങളിൽ പലസ്തീൻ ജനതയെ സഹായിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത യുഎഇ ഊന്നിപ്പറയുകയും ചെയ്തു.
ഗാസയിൽ 150 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റലും; 100 കിടക്കകളും, ഓപ്പറേഷൻ റൂമുകൾ, തീവ്രപരിചരണ വിഭാഗങ്ങൾ, റേഡിയോളജി, ലബോറട്ടറികൾ, ഫാർമസികൾ, മെഡിക്കൽ കാബിനറ്റുകൾ എന്നിവയുള്ള അൽ അരിഷ് തുറമുഖത്ത് ഫ്ലോട്ടിംഗ് ഹോസ്പിറ്റലും യുഎഇ തങ്ങളുടെ മാനുഷിക സഹായങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
WAM/അമൃത രാധാകൃഷ്ണൻ