അറേബ്യൻ തഹറിൻ്റെ ജനനത്തിന് സാക്ഷ്യം വഹിച്ച് അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെൻ്റർ

ഷാർജ, 2024 ഏപ്രിൽ 05, (WAM) -- ഷാർജയിലെ അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെൻ്ററിൽ ഒരു അറേബ്യൻ തഹർ കുഞ്ഞിന് ജന്മം നൽകിയതായി എൻവയോൺമെൻ്റ് ആന്‍റ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) പ്രഖ്യാപിച്ചു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾ ഉൾപ്പെടെയുള്ള അപൂർവ മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള അറേബ്യൻ തഹർ പദ്ധതിയുടെ ആദ്യകാല നേട്ടങ്ങളിൽ ഒന്നാണിതെന്നും അധികൃതർ അറിയിച്ചു. അപൂർവ്വയിനം മൃഗങ്ങളെ സംരിക്ഷിക്കുന്നതിന്‍റെ ഭാഗമായി, കൺസർവേഷൻ സെന്‍റർ ഈ ഇനത്തെ ഹജർ പർവതങ്ങളിൽ അധിവസിപ്പിക്കുകയും പ്രജനനത്തിന് അനുയോജ്യമായ പ്രകൃതിദത്ത അന്തരീക്ഷം സൃഷ്ടിക്കുകയും 30-ലധികം വ്യത്യസ്ത തരം പർവത വന്യജീവികളുടെ ആവാസ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.

ചെറിയ ഗ്രൂപ്പുകളായി ജീവിക്കുന്ന പകൽ ഇര തേടുന്ന അറേബ്യൻ തഹ്ർ, സാധാരണയായി 15 മുതൽ 40 കിലോഗ്രാം വരെ ഭാരം വരും. സ്ഥിരമായ ജലസ്രോതസ്സുകൾക്ക് സമീപമുള്ള പരുക്കൻ പർവത ചരിവുകളിലായി അവ കൂടുതലും വസിക്കുന്നു. ഈ ഇനം വെള്ളം, പുല്ല്, ചെറിയ കുറ്റിച്ചെടികൾ, ഇലകൾ, കാട്ടുപഴങ്ങൾ എന്നിവയെ ഭക്ഷണത്തിനായി ആശ്രയിക്കുന്നു.

ഷാർജയുടെ കിഴക്കൻ മേഖലയിലെ പർവത പരിസ്ഥിതി സംരക്ഷണത്തിൽ കേന്ദ്രത്തിൻ്റെ സംഘത്തിൻ്റെ ശ്രമങ്ങളെ ഷാർജയിലെ എൻവയോൺമെൻ്റ് ആൻഡ് പ്രൊട്ടക്‌റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) ചെയർപേഴ്‌സൺ ഹന സെയ്ഫ് അൽ സുവൈദി അഭിനന്ദിച്ചു. പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ ഷാർജയുടെ സ്ഥാനം ഉറപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രകൃതി ജീവിതവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക തന്ത്രങ്ങളെയും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പുനരുൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനെയും ഇത് പിന്തുണയ്ക്കുന്നു.

ഈ വിജയം അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളുടെ സംരക്ഷണത്തിൽ കേന്ദ്രത്തിൻ്റെ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടമാക്കുകയും ഈ മേഖലയിലെ മറ്റ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകയാവുകയും ചെയ്യുന്നു.