അബുദാബി, 2024 ഏപ്രിൽ 06, (WAM) – വടക്കൻ ഗാസയിലെ മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യുസികെ) സ്ഥാപകനായ ജോസ് ആൻഡ്രേസുമായി നടത്തിയ ഫോൺ കോളിൽ, യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സംഘടനയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, ഗാസയിൽ ഡബ്ല്യുസികെ അംഗങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിൽ അഗാധമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും അറിയിച്ചു.
ഗാസയിൽ ഡബ്ല്യുസികെ സംഘം സഞ്ചരിച്ച കാറിനെ ഇസ്രായേൽ ലക്ഷ്യം വച്ചതിനെ അപലപിച്ച ശൈഖ് അബ്ദുല്ല, വേൾഡ് സെൻട്രൽ കിച്ചണിനോടും അതിൻ്റെ ടീമിനോടും യുഎഇയുടെ പൂർണമായ ഐക്യദാർഢ്യം അറിയിച്ചു.
ശൈഖ് അബ്ദുല്ല ബിൻ സായിദ്, സംഘടനയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും വടക്കൻ ഗാസയിലെ സാധാരണക്കാർക്ക് മാനുഷിക സഹായം നൽകുന്നതിന് വേൾഡ് സെൻട്രൽ കിച്ചണുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു. ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കാൻ യുഎഇ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് സെൻട്രൽ കിച്ചൺ ഉൾപ്പെടെയുള്ള എല്ലാ മാനുഷിക സംഘടനകളുടെയും പ്രാധാന്യം ശൈഖ് അബ്ദുല്ല ബിൻ സായിദ് അംഗീകരിക്കുകയും അവർക്ക് എല്ലാ തരത്തിലുള്ള പിന്തുണയും സഹായവും ലഭിക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു.