വിശ്വാസികൾക്കൊപ്പം ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്കിൽ പെരുന്നാൾ പ്രാർത്ഥനയിൽ പങ്കെടുത്ത് യുഎഇ രാഷ്‌ട്രപതി

അബുദാബി, 2024 ഏപ്രിൽ 10, (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ വിശ്വാസികൾക്കൊപ്പം ഈദ് അൽ ഫിത്വർ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു.

ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ; അബുദാബി ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ; അബുദാബി ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാൻ, , സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, കൂടാതെ നിരവധി ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും ആരാധനാ ചടങ്ങുകളിൽ പങ്കെടുത്തു.

ഈദ് പ്രഭാഷണ വേളയിൽ, യുഎഇ കൗൺസിൽ ഫോർ ഫത്‌വ ഡയറക്ടർ ജനറൽ ഡോ ഒമർ ഹബ്തൂർ അൽ ദാരെ, മനുഷ്യ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിൽ കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

പ്രാർത്ഥനയ്ക്കുശേഷം യുഎഇ രാഷ്‌ട്രപതി ഈദുൽ ഫിതർ പ്രമാണിച്ച് വിശ്വാസികൾക്ക് ആശംസകൾ കൈമാറി, ശേഷം അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ശവകുടീരം സന്ദർശിക്കുകയും അദ്ദേഹത്തിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ