മാനവികത പ്രോത്സാഹിപ്പിക്കുന്നതിനായി 'ജുസൂർ' പരിപാടി സംഘടിപ്പിച്ച് ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെൻ്റർ

അബുദാബി, 2024 ഏപ്രിൽ 13, (WAM) – മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള വിടവ് നികത്താനുള്ള ദൗത്യത്തിൻ്റെ ഭാഗമായി സന്നദ്ധപ്രവർത്തനവും ക്രോസ്-കൾച്ചറൽ ആശയവിനിമയവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ റമദാൻ മാസത്തിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെൻ്റർ അതിൻ്റെ "ജുസൂർ" (ബ്രിഡ്ജസ്) പ്രോഗ്രാമിൻ്റെ നാലാം പതിപ്പ് സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി, വിവിധ സംസ്‌കാരങ്ങൾ, വംശങ്ങൾ, വിശ്വാസങ്ങൾ പിന്തുടരുന്ന ആളുകളെയും യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ പ്രതിനിധികളെയും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു.

മസ്ജിദിൽ റമദാൻ്റെ ചൈതന്യം അനുഭവിക്കാനും വിശുദ്ധ മാസത്തിൽ അതിൻ്റെ പരിപാടികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കാനും സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പരിപാടി പങ്കാളികൾക്ക് അവസരമൊരുക്കി. പള്ളിക്കകത്ത് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ സഹായിച്ച വളണ്ടയിർമാർ, ഇഫ്താർ പീരങ്കിയുടെ വെടിയൊച്ചയ്ക്കും സാക്ഷ്യം വഹിച്ചു. സഹവർത്തിത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും അന്തരീക്ഷത്തിൽ പങ്കെടുത്തവർ ഒരു മേശയ്ക്ക് ചുറ്റും ഒത്തുകൂടിയ ഇഫ്താർ സംഗമത്തോടെ പരിപാടി അവസാനിച്ചു.

കേന്ദ്രം സംഘടിപ്പിക്കുന്ന ഒത്തുചേരലുകൾ, സഹവർത്തിത്വത്തിനപ്പുറം ഗുണപരമായ ഇടപെടലുകളിലേക്കുള്ള സാംസ്‌കാരികവും മാനുഷികവുമായ ആശയവിനിമയത്തിന് അവസരമൊരുക്കുന്നതായി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെൻ്റർ ഡയറക്ടർ ജനറൽ ഡോ. യൂസഫ് അൽ ഒബൈദ്‌ലി അഭിപ്രായപ്പെട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് അതിൻ്റെ ഭൂമിയിൽ വ്യത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്നു, അവിടെ ആളുകൾ സമാധാനത്തോടെ, യോജിപ്പുള്ള സാമൂഹിക ഘടനയിൽ, നീതിയുടെയും സമത്വത്തിൻ്റെയും അനുയോജ്യമായ സാഹചര്യങ്ങളിൽ ജീവിക്കുന്നു. അന്തരിച്ച സ്ഥാപക പിതാവ് ശൈഖ് സായിദിൻ്റെ ദർശനങ്ങൾ ഈ കേന്ദ്രം പിന്തുടരുന്നു, എല്ലാവരോടും സമാധാനം, ഐക്യം, ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്രത്തിൻ്റെ പ്രവർത്തനം ലോകത്തിന് പ്രചോദനത്തിൻ്റെ ഉറവിടമാണ്.

ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെൻ്റർ അതിൻ്റെ നാലാം സീസണിൽ പ്രോഗ്രാമിൻ്റെ ഒമ്പത് സെഷനുകൾ സംഘടിപ്പിച്ചു, യുണൈറ്റഡ് അറബ് എമിറേറ്റുകളിലെ 13 എംബസികളെയും നിരവധി സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 394-ലധികം പേർ പങ്കെടുത്തു. 1,750-ലധികം ഇഫ്താർ ഭക്ഷണങ്ങളും അവർ പള്ളിയിൽ വിതരണം ചെയ്തു.