പ്രതികൂല കാലാവസ്ഥയെ നേരിടാൻ സന്നദ്ധത അറിയിച്ച് അബുദാബി പോലീസ്

അബുദാബി, 16 ഏപ്രിൽ 2024 (WAM) --ഏപ്രിൽ 17 വരെ എമിറേറ്റിൽ തുടരുമെന്ന് പ്രവചിക്കുന്ന കടുത്ത കാലാവസ്ഥ കൈകാര്യം ചെയ്യാൻ അബുദാബി പോലീസ് സജ്ജമാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്, ബന്ധപ്പെട്ട എല്ലാ അധികാരികളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എനർജി, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി തുടങ്ങിയവരുമായി തങ്ങൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അബുദാബി പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.


അടിയന്തര പദ്ധതികൾ നടപ്പിലാക്കുകയും, സപ്പോർട്ട് പട്രോളിംഗ് അയക്കുകയും, ഓപ്പറേഷൻ റൂമുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ നിരവധി പ്രതിരോധ നടപടികൾ കൈക്കൊള്ളുകയും ചെയ്തതായി അബുദാബി പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

അബുദാബി പോലീസ് കമാൻഡും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നും മറ്റ് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുമുള്ള അപ്‌ഡേറ്റുകൾ പാലിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സുരക്ഷിതമായ ഡ്രൈവിംഗിൻ്റെ പ്രാധാന്യവും, വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, റോഡുകളിൽ വേഗത കുറയ്ക്കൽ സംവിധാനം നടപ്പിലാക്കുമ്പോൾ വേഗപരിധി പാലിക്കുക, വാഹനം തെന്നിമാറുന്നത് തടയാൻ തിരിയുമ്പോൾ വേഗത കുറയ്ക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക, പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കുക എന്നിവയുൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും രണ്ട് സ്ഥാപനങ്ങളും അടിവരയിട്ടു.

WAM/അമൃത രാധാകൃഷ്ണൻ