നികുതി സമ്പ്രദായത്തിലെ സുതാര്യതയും വ്യക്തതയും വർദ്ധിപ്പിക്കുന്നതിനായി നികുതിദായക ചാർട്ടർ പുറത്തിറക്കി എഫ്ടിഎ

ദുബായ്, 16 ഏപ്രിൽ 2024 (WAM) -- രാജ്യത്തെ നികുതിദായകർക്കുള്ള നിരവധി സുപ്രധാന അവകാശങ്ങൾക്കും ബാധ്യതകൾക്കും സമഗ്രമായ നിർവചനങ്ങൾ നൽകുന്ന ടാക്സ് പേയർ ചാർട്ടർ എന്ന ഔദ്യോഗിക രേഖ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) പുറത്തിറക്കി. യുഎഇയുടെ നികുതി സമ്പ്രദായത്തിലുടനീളം സുതാര്യതയും വ്യക്തതയുള്ള മാനദണ്ഡങ്ങളും നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ നീക്കം.

ജനങ്ങൾ നികുതി നിയന്ത്രണങ്ങൾ സ്വയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നികുതിദായകരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ചാർട്ടർ.


"നികുതിദായകരുടെ ചാർട്ടറിൻ്റെ സമാരംഭം അവരുടെ നികുതി അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണ്," ഫെഡറൽ ടാക്സ് സർവീസ് ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ-ബുസ്താനി ചൂണ്ടിക്കാട്ടി.

ചാർട്ടർ നികുതിദായകർ പാലിക്കേണ്ട നികുതി നിയമങ്ങൾ വ്യക്തമാക്കുക മാത്രമല്ല, അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള നികുതിദായകരുടെ ധാരണ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന്, അൽ-ബുസ്താനി കൂട്ടിച്ചേർത്തു.

ഈ ചാർട്ടർ നികുതിദായകർക്ക് ന്യായവും പ്രൊഫഷണലും മാന്യവുമായ പെരുമാറ്റം, സ്വകാര്യത സംരക്ഷണം, നികുതി നിയമങ്ങൾ പാലിക്കുന്നതിൽ അവരുടെ അവകാശങ്ങളുടെയും താൽപ്പര്യങ്ങളുടെയും സംരക്ഷണം എന്നിവ ഉറപ്പാക്കുന്നു. നികുതിദായകർക്ക് നിയമപരമായ മാർഗങ്ങളിലൂടെ അപ്പീലുകളും പരാതികളും സമർപ്പിക്കാനുള്ള അവകാശവും ചാർട്ടർ നൽകുന്നു.

നികുതി നിയന്ത്രണങ്ങൾ പാലിക്കൽ, കൃത്യമായ വിവരങ്ങൾ നൽകൽ, നികുതി അധികാരികളുമായി സഹകരിക്കൽ, നികുതി വെട്ടിപ്പ് സംയുക്തമായി തടയൽ എന്നിവ നികുതിദായകരുടെ ബാധ്യതകളിൽ ഉൾപ്പെടുന്നു.

വിവിധ മാനുവലുകൾ, ഗൈഡുകൾ, സെമിനാറുകൾ, മറ്റ് സ്രോതസ്സുകൾ എന്നിവയിലൂടെ പൊതുനികുതി അറിവ് വർദ്ധിപ്പിക്കുന്നതിനുള്ള ഫെഡറൽ ടാക്സ് സർവീസിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ചാർട്ടർ.


WAM/ അമൃത രാധാകൃഷ്ണൻ