എമിറേറ്റ്സ് എയർലൈൻസ് ദുബായിൽ നിന്നുള്ള യാത്രാ നടപടിക്രമങ്ങൾ ഏപ്രിൽ 18 അർദ്ധരാത്രി വരെ നിർത്തിവച്ചു

ദുബായ്, 17 ഏപ്രിൽ 2024 (WAM) -- രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്നത്തിനാൽ അത്യാവശ്യമല്ലാതെ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ദുബായ് ഇൻ്റർനാഷണൽ (DXB) യാത്രക്കാരോട് അഭ്യർത്ഥിച്ചു.

വിമാനങ്ങൾ വൈകുന്നതും വഴിതിരിച്ചുവിടുന്നതും തുടരുന്നതായി ദുബായ് എയർപോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. ഫ്ലൈറ്റ് സ്റ്റാറ്റസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടാനും അധികൃതർ നിർദ്ദേശിച്ചു

വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കഴിയുന്നത്ര വേഗത്തിൽ പ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ദുബായ് എയർപോർട്ട്സ് പ്രസ്താവനയിൽ അറിയിച്ചു.

പ്രതികൂല കാലാവസ്ഥയും റോഡിൻ്റെ അവസ്ഥയും മൂലമുണ്ടാകുന്ന പ്രവർത്തന വെല്ലുവിളികൾ കാരണം ഏപ്രിൽ 17 ബുധനാഴ്ച രാവിലെ 8:00 മുതൽ ഏപ്രിൽ 18 അർദ്ധരാത്രി വരെ ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള യാത്രാ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എമിറേറ്റ്സ് എയർലൈൻസ് തീരുമാനിച്ചതായും പ്രസ്താവന വ്യക്തമാക്കി.

ദുബായിൽ എത്തുന്ന യാത്രക്കാർക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമുള്ള നടപടിക്രമങ്ങൾ തുടരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് കൂട്ടിച്ചേർത്തു.


WAM/ അമൃത രാധാകൃഷ്ണൻ