മഴ ബാധിത പ്രദേശങ്ങളിൽ 65 കമ്മ്യൂണിറ്റി സർവീസുകളെ പട്രോളിംഗിന് വിന്യസിച്ച് ഷാർജ മുനിസിപ്പാലിറ്റി

ഷാർജ, 18 ഏപ്രിൽ 2024 (WAM) --കഴിഞ്ഞ ദിവസങ്ങളിലായി എമിറേറ്റിൽ പെയ്ത് കനത്ത മഴയുടെ ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ഷാർജ മുനിസിപ്പാലിറ്റി. മഴ ബാധിത പ്രദേശങ്ങളിൽ നടന്നു വരുന്ന രക്ഷാപ്രവർത്തനങ്ങളോട് അനുബന്ധിച്ച് 65 കമ്മ്യൂണിറ്റി സർവീസുകളെ പട്രോളിംഗിന് വിന്യസിച്ചതായി അധികൃതർ അറിയിച്ചു.

കേടുപാടുകൾ കുറയ്ക്കുന്നതിനും ട്രാഫിക് ഫ്ലോ മെച്ചപ്പെടുത്തുന്നതിനും താമസക്കാരുടെയും അവരുടെ സാധനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മുനിസിപ്പാലിറ്റി അവരുടെ വാഹന വ്യൂഹം ഉൾപ്പെടെ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തുന്നു. കൂടാതെ, ഷാർജയിലെ എല്ലാ മേഖലകളിലും ഫീൽഡ് വർക്ക് നടത്താൻ ഒരു സമർപ്പിത സംഘം രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

കനത്ത മഴ മൂലം റോഡുകളിലുണ്ടായ വെള്ളക്കെട്ട് കൈകാര്യം ചെയ്യുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെ എസ്എം ഡയറക്ടർ ജനറലും മഴ അടിയന്തര സാഹചര്യങ്ങൾക്കായുള്ള ഹൈ കമ്മിറ്റി തലവനുമായ ഉബൈദ് സയീദ് അൽ തുനൈജി അടിവരയിട്ടു. സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി കമ്മിറ്റികളെയും ജീവനക്കാരെയും അണിനിരത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുനിസിപ്പാലിറ്റിയുടെ അതിവേഗ പ്രതികരണത്തെ അദ്ദേഹം അഭിനന്ദിക്കുന്നു.

സാമുദായികവും മാനുഷികവുമായ ചുമതലകൾ ഏറ്റെടുക്കുന്നതിന് ഫീൽഡ് ടീമുകളെയും 65 പട്രോളിംഗുകളെയും വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള മുൻസിപ്പാലിറ്റിയുടെ സജീവമായ നടപടികൾ അൽ തുനൈജി എടുത്തുകാണിച്ചു. അംഗീകൃത ഷെൽട്ടറുകളിൽ എത്തിച്ചേരാൻ കുടുംബങ്ങളെ സഹായിക്കുക, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വ്യക്തികളെ സഹായിക്കുക, പ്രായമായവർക്കും സമൂഹത്തിൽ ആവശ്യമുള്ള മറ്റുള്ളവർക്കും പിന്തുണ നൽകൽ എന്നിവ ഈ ശ്രമങ്ങളിൽ ഉൾപ്പെടുന്നു.

WAM/അമൃത രാധാകൃഷ്ണൻ