അബുദാബി, 19 ഏപ്രിൽ 2024 (WAM) - രാജ്യത്തിൻ്റെ വിദേശ വ്യാപാര അജണ്ടയിലെ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട് യുഎഇയും കൊളംബിയയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവച്ചു. താരിഫ് വെട്ടിക്കുറയ്ക്കുക, വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുക, ചരക്ക്, സേവന കയറ്റുമതി എന്നിവയ്ക്കുള്ള വിപണി പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയിലൂടെ ഉഭയകക്ഷി വ്യാപാര പ്രവാഹം വർദ്ധിപ്പിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. ഊർജം, പരിസ്ഥിതി, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഇൻഫ്രാസ്ട്രക്ചർ, കൃഷി, ഭക്ഷ്യ ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിനും സംയുക്ത സംരംഭങ്ങൾക്കും ഇത് വഴി തുറക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 43% ഉയർന്ന് 2023-ൽ 53.1 ദശലക്ഷം യുഎസ് ഡോളറിലെ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി- 2021-ൽ നേടിയതിൻ്റെ ഇരട്ടിയിലധികം വർധനവ് രേഖപ്പെടുത്തി. കൂടാതെ, സമീപകാലത്ത് രണ്ട് രാജ്യങ്ങളും വ്യോമയാനം, പുനരുപയോഗ ഊർജം, പരിസ്ഥിതി, ഹൈഡ്രജൻ, യാത്ര, ഫ്രീ സോണുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവ ഉൾപ്പെടുന്ന നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
യുഎഇ-കൊളംബിയ സിഇപിഎ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കുന്നതിൽ ഒരു പുതിയ അധ്യായം തുറക്കും. ഇത് പരസ്പരം വിപണികളിലേക്ക് മാത്രമല്ല, അതത് പ്രദേശങ്ങളിലേക്കും പ്രവേശനം നേടുന്നതിന് ബിസിനസുകളെ പ്രാപ്തമാക്കും. കൊളംബിയയുടെ ഉയർന്ന വളർച്ചയും സാങ്കേതികമായി പുരോഗമിച്ചതുമായ സമ്പദ്‌വ്യവസ്ഥ സ്വകാര്യമേഖലാ സഹകരണത്തിന് അവസരങ്ങൾ നൽകും, വരും മാസങ്ങളിലും വർഷങ്ങളിലും ഇവ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ഇന്ത്യ, ഇസ്രായേൽ, ഇന്തോനേഷ്യ, തുർക്കി, കംബോഡിയ എന്നിവയുമായുള്ള കരാറുകൾക്ക് ശേഷം യുഎഇയുടെ സിഇപിഎ പദ്ധതിയുടെ ഏറ്റവും പുതിയ സ്തംഭമാണ് കൊളംബിയയുമായുള്ള കരാർ. കോംഗോ-ബ്രാസാവില്ലെ, കോസ്റ്ററിക്ക, ജോർജിയ, കെനിയ, മൗറീഷ്യസ്, ദക്ഷിണ കൊറിയ എന്നിവയുമായുള്ള മറ്റ് കരാറുകളും അവസാനിച്ചു. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ