മഴക്കെടുതി; ദുരന്തനിവാരണ സംരംഭങ്ങൾക്കും നടപടികൾക്കും നിർദ്ദേശം നൽകി ഷെയ്ഖ് ഹംദാൻ

ദുബായ്, 2024 ഏപ്രിൽ 20, (WAM) –ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദർശനത്താൽ നയിക്കപ്പെടുന്ന ദുബായ്, ഏത് വെല്ലുവിളികളോടും ഫലപ്രദമായി പ്രതികരിക്കാൻ എപ്പോഴും സജ്ജമാണെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായിൽ നിലനിൽക്കുന്ന ശക്തമായ പ്രതിസന്ധി പ്രതികരണ സംവിധാനങ്ങളെക്കുറിച്ചും സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും ശക്തമായ പിന്തുണ എമിറേറ്റിൻ്റെ സന്നദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നത് എങ്ങനെയെന്നും ശൈഖ് ഹംദാൻ ഊന്നിപ്പറഞ്ഞു.

ദുബായിലെ പ്രതികൂല കാലാവസ്ഥയുടെ ആഘാതം അടിയന്തിരമായി ലഘൂകരിക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾക്കും നടപടികൾക്കും സർക്കാർ സ്ഥാപനങ്ങളുടെ തലവന്മാരുമായി അടുത്തിടെ നടന്ന യോഗത്തിൽ ശൈഖ് ഹംദാൻ അംഗീകാരം നൽകി.

എമിറേറ്റിലെ അതിരൂക്ഷമായ കാലാവസ്ഥയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ പുരോഗതി വിലയിരുത്താൻ ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യോഗത്തിൽ പങ്കെടുത്തു.

ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മേൽനോട്ടത്തിൽ, ദുബായ് ഗവൺമെൻ്റിൻ്റെ ഗ്രൗണ്ട് ടീമുകൾ, കമ്മ്യൂണിറ്റി വോളണ്ടിയർമാരുടെ പിന്തുണയോടെ, വെല്ലുവിളികൾക്കുള്ള അടിയന്തര പരിഹാരങ്ങൾക്കായി സജീവമായി പ്രവർത്തിച്ചുവരികയാണ്.

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന പൗരന്മാരുടെ അഭ്യർത്ഥനകൾ അവലോകനം ചെയ്യാൻ ദുബായ് കിരീടാവകാശി ഒരു കമ്മിറ്റി രൂപീകരിച്ചു. വീടുകളുടെ അറ്റകുറ്റപ്പണികൾക്കും പുനരധിവാസത്തിനും കമ്മിറ്റി മുൻഗണന നൽകും. ബാധിത കമ്മ്യൂണിറ്റികളിൽ സാധാരണ നില പുനഃസ്ഥാപിക്കാനും ബദൽ ഭവനം, ഭക്ഷണം, കീടനിയന്ത്രണം, സുരക്ഷ, ഇൻ്റീരിയർ ക്ലീനിംഗ്, കേടുപാടുകൾ നിരീക്ഷിക്കൽ, അപകടസാധ്യത വിലയിരുത്തൽ, ഇൻഷുറൻസ് സഹായം എന്നിവ നൽകാനും ഷെയ്ഖ് ഹംദാൻ പ്രോപ്പർട്ടി ഡെവലപ്പർമാർക്ക് നിർദ്ദേശം നൽകി.

പ്രതികൂല കാലാവസ്ഥയിൽ ദുരിതമനുഭവിക്കുന്നവരെ ദുബായ് പിന്തുണയ്ക്കുമെന്നും പ്രതികരണ നടപടികൾ താൻ വ്യക്തിപരമായി നിരീക്ഷിക്കുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെൻ്റ് സിഇഒ ഒമർ ബുഷഹാബ് അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പൗരന്മാരുടെ അഭ്യർത്ഥനകൾ കമ്മിറ്റി സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യും, അവരുടെ ആശങ്കകളും ആവശ്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കും.

ദുബായിലെ സ്വകാര്യ മേഖലയുമായും ഹോട്ടലുകളുമായും സഹകരിച്ച് കാലാവസ്ഥാ വ്യതിയാനം ബാധിച്ച പൗരന്മാർക്ക് അവരുടെ വീടുകൾ നന്നാക്കുന്നതുവരെ താൽക്കാലിക താമസസൗകര്യം ഒരുക്കുന്ന സാമ്പത്തിക, ടൂറിസം വകുപ്പിനെ ശൈഖ് ഹംദാൻ പ്രശംസിച്ചു. അറ്റകുറ്റപ്പണിയുടെ കാലയളവിൽ ദുരിതബാധിതരായ എല്ലാ പൗരന്മാർക്കും ഉടനടി താമസസൗകര്യം നൽകേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ദുരിതബാധിതരായ ആളുകൾക്ക് സഹായം നൽകുന്നതിന് സ്വകാര്യമേഖലയിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിന് 'ജൂദ്' പ്ലാറ്റ്‌ഫോം സജീവമാക്കാൻ കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിയോട് നിർദ്ദേശിച്ചപ്പോൾ, ആവശ്യമുള്ള ആളുകളെ നിരീക്ഷിക്കാനും അവർക്ക് മാനുഷിക പിന്തുണ നൽകാനും ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻ്റ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് വകുപ്പിന് ശൈഖ് ഹംദാൻ നിർദ്ദേശം നൽകി.