ഷാർജ, 21 ഏപ്രിൽ 2024 (WAM) -- ജനങ്ങളിലും സംഘടനകളിലും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും രാജ്യത്തെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനുമായി ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെൻ്റ് ഇന്ന് അമൻ സുരക്ഷാ നെറ്റ്‌വർക്ക് ഉദ്ഘാടനം ചെയ്തു.
ഈ സംരംഭത്തിൽ ചേർന്ന ആദ്യത്തെ സർക്കാർ സ്ഥാപനമായ ഷാർജ മീഡിയ സിറ്റി (ഷാംസ്) ഉടൻ തന്നെ ഈ ആശയം സ്വീകരിക്കുകയും സംരംഭത്തിൽ അംഗമാവുകയും ചെയ്തു. ഓരോ സാഹചര്യത്തിൻ്റെയും പ്രത്യേകതകൾക്കനുസരിച്ച്, പണം സംഭാവന ചെയ്യുന്നതിനും, ദുരിത ബാധിതർക്ക് എത്രയും വേഗം സഹായമെത്തിക്കുന്നതിന്, പൊതു, സ്വകാര്യ മേഖലകൾക്ക് വിശ്വസനീയമായ ചാനലുകൾ നൽകാനാണ് സംരംഭം ലക്ഷ്യമിടുന്നത്.
പണ സംഭാവനകൾ, നേരിട്ടുള്ള ബാങ്ക് അക്കൗണ്ട് ക്രെഡിറ്റുകൾ എന്നിവയ്ക്ക് പുറമേ സംഭാവനകളുടെ ഉറവിടങ്ങളും തരങ്ങളും വൈവിധ്യവത്കരിക്കാനായി നിർമ്മാണ സാമഗ്രികൾ, ഉപകരണങ്ങൾ, ആരോഗ്യ സേവനങ്ങൾ ഭക്ഷണം, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ ഭവന പരിപാലന സേവനങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള സംഭാവനകൾ നെറ്റ്‌വർക്ക് സ്വീകരിക്കും. സാമൂഹ്യ സേവന വകുപ്പിനെ +971501088884 എന്ന നമ്പറിൽ വിളിച്ച് സംഭാവനകൾ നൽകാവുന്നതാണ്.
പ്രതികൂല കാലാവസ്ഥയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകുന്നതിൽ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ പങ്കാളികൾ എന്നിവരുടെ ശ്രമങ്ങളെ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെൻ്റ് മേധാവി അഫാഫ് ഇബ്രാഹിം അൽ മർറി പ്രശംസിച്ചു. സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള മാനുഷിക വ്യവഹാരങ്ങൾ ശക്തിപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും, അഭൂതപൂർവമായ കാലാവസ്ഥയുടെ അനന്തരഫലങ്ങളെ അഭിമുഖീകരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതിലും ഈ സംരംഭത്തിൻ്റെ പ്രാധാന്യം ഷാർജ മീഡിയ സിറ്റി ചെയർമാൻ ഡോ. ഖാലിദ് ഒമർ അൽ മിദ്ഫ, ഊന്നിപ്പറഞ്ഞു.
സാർവത്രിക സാഹോദര്യത്തിൻ്റെയും സഹകരണത്തിൻ്റെയും ശ്രമങ്ങൾ വർധിപ്പിച്ചുകൊണ്ട് സാമൂഹിക സേവന വകുപ്പിൻ്റെ ആഹ്വാനത്തോട് പ്രതികരിക്കാനും സാമൂഹികവും മാനുഷികവുമായ കടമ നിർവഹിക്കാനുള്ള ഷംസിൻ്റെ സന്നദ്ധതയും അദ്ദേഹം ആവർത്തിച്ചു.
WAM/ അമൃത രാധാകൃഷ്ണൻ