റോട്ടർഡാം, 22 ഏപ്രിൽ 2024 (WAM) --വേൾഡ് എനർജി കൗൺസിലിന്റെ ആദ്യ ഗ്ലോബൽ എനർജി ട്രാൻസിഷൻ ഇംപാക്റ്റ് അവാർഡ് യുഎഇ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയും കോപ്28 പ്രസിഡൻ്റുമായ ഡോ. സുൽത്താൻ അൽ ജാബറിന് സമ്മാനിച്ചു. യുഎഇ സമവായത്തിലൂടെ ഊർജ പരിവർത്തനത്തിന് നേതൃത്വം നൽകിയതിനും ഊർജ മേഖലകളിൽ നെറ്റ് സീറോ എനർജി ട്രാൻസിഷനുവേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് അവാർഡ് സമ്മാനിച്ചത്. ഉത്തരവാദിത്തമുള്ള ഊർജ്ജ പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന യുഎഇ നേതൃത്വത്തിൻ്റെ ദർശനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും യഥാർത്ഥ അംഗീകാരമാണ് ഈ അവാർഡ് എന്ന് അവാർഡ് സ്വീകരിച്ച് സംസാരിക്കവെ അൽ ജാബർ പറഞ്ഞു.
ആഗോള തലത്തിൽ കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായി വ്യക്തിതാത്പര്യങ്ങൾക്കപ്പുറം വലിയ നന്മയ്‌ക്ക് അനുകൂലമാക്കാൻ പ്രേരിപ്പിക്കുകയും ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ ലക്ഷ്യം സ്ഥാപിക്കാനും കോപ്28 കാലാവസ്ഥ ഉച്ചകോടിക്ക് കഴിഞ്ഞതായി, അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷം വേൾഡ് എനർജി കോൺഗ്രസിൻ്റെ നൂറാം വാർഷികം അനുസ്മരിക്കുന്ന വേളയിൽ, ആഗോള ഊർജത്തിൻ്റെ സന്തുലിതാവസ്ഥയിൽ ഇതിനകം തന്നെ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും കാറ്റിൻ്റെയും സൗരോർജ്ജത്തിൻ്റെയും എട്ട് മടങ്ങ് വളർച്ച ഉണ്ടായിട്ടുണ്ടെന്നും ഡോ. അൽ ജാബർ ഊന്നിപ്പറഞ്ഞു.
ഇന്നത്തെ ഊർജ മിശ്രിതത്തിൻ്റെ 80 ശതമാനവും ഹൈഡ്രോകാർബണുകൾ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ ഊർജ ആവശ്യം ഏകദേശം നാലിലൊന്ന് വർദ്ധിക്കുമെന്നതിനാൽ, പ്രതിദിനം 270 ദശലക്ഷത്തിലധികം ബാരൽ എണ്ണ, വാതകം, കൽക്കരി എന്നിവയുടെ തുല്യമായ അളവ് ഊർജ്ജം പുനരുപയോഗ സ്രോതസ്സുകളിലേക്ക് ലോകം മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. രാജ്യങ്ങൾ അവരുടെ വരാനിരിക്കുന്ന ദേശീയമായി നിശ്ചയിച്ചിട്ടുള്ള സംഭാവനകളിൽ (എൻഡിസി) സമഗ്രമായി സമ്പദ്‌വ്യവസ്ഥയിലുടനീളം എമിഷൻ-റിഡക്ഷൻ ലക്ഷ്യങ്ങൾ സ്വീകരിക്കണമെന്നും ഇതിനായി വ്യവസായങ്ങൾ സഹകരിക്കണമെന്നും ഡോ. അൽ ജാബർ ആവർത്തിച്ചു.
WAM/അമൃത രാധാകൃഷ്ണൻ