കാലാവസ്ഥ സാഹചര്യങ്ങൾ നേരിടുന്നതിൽ യുഎഇ മികച്ച കാര്യക്ഷമത പ്രകടിപ്പിച്ചു: ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം

ദുബായ്, 2024 ഏപ്രിൽ 22 (wam) --പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്ന് യുഎഇ തെളിയിച്ചതായി ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയത്തിലെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്‌പോർട്ട് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഹസൻ അൽ മൻസൂരി ഊന്നിപ്പറഞ്ഞു. വിവിധ സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളുടെ സജീവവും വേഗത്തിലുള്ളതുമായ രക്ഷാപ്രവർത്തനം ആളുകളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും വീണ്ടെടുക്കൽ സമയം ത്വരിതപ്പെടുത്തുന്നതിനും സഹായിച്ചതായി, അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്കായി അണക്കെട്ടുകളും നദികളും വികസിപ്പിക്കുന്നതിനെ കുറിച്ച് സമഗ്രമായ ഗവേഷണം നടത്താനുള്ള ശ്രമത്തിൽ, കനത്ത മഴയുടെ നാശനഷ്ടങ്ങൾ പരിശോധിക്കാനും വിലയിരുത്താനും ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം ഒരു ഓൺ-ദി-ഗ്രൗണ്ട് ഫോഴ്‌സിനെ രൂപീകരിച്ചു. ഫെഡറൽ റോഡ് കേടുപാടുകൾ പരിഹരിക്കുന്നതിന് ഒരു സംയോജിത പ്രവർത്തന തന്ത്രം തയ്യാറാക്കുന്നതിനൊപ്പം, റോഡുകളിലെ മഴവെള്ളം ഒഴുക്കിവിടുന്ന ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുനൽകുന്നതിന് സേന സജീവമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സ്വത്തുക്കളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാനും സംയോജിത പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അടിയന്തര പ്രതികരണ പദ്ധതികളും മുൻഗണനകളും സജ്ജീകരിക്കുന്നതിന് മന്ത്രാലയം ഒന്നിലധികം യോഗങ്ങൾ നടത്തിയതായും, ഫെഡറൽ റോഡുകളിലും ഡാമുകളിലും അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിന് സ്വകാര്യ മേഖല പങ്കാളികളുമായി സഹകരിച്ച് ഏഴ് ഫീൽഡ് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അൽ മൻസൂരി വ്യക്തമാക്കി.

ഡാമുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രത പരിശോധിക്കുന്നതിനും അണക്കെട്ടുകളിലേക്കുള്ള ജലപാതകൾ വൃത്തിയാക്കുന്നതിനും ജലപ്രവാഹം തടയുന്ന തടസ്സങ്ങൾ നീക്കുന്നതിനും മന്ത്രാലയം വിപുലമായ സാങ്കേതിക പരിശോധനകൾ നടത്തി. റോഡ്‌സ് നെറ്റ്‌വർക്ക് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് ഫെഡറൽ റോഡുകളിലെ തടസ്സങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതെന്ന്, അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെഡറൽ റോഡുകളിൽ അടിഞ്ഞുകൂടിയ മഴവെള്ളം നീക്കം ചെയ്യുന്നതിനും കേടുപാടുകൾ പരിഹരിക്കുന്നതിനുമായി മൊത്തം 20 ടീമുകളാണ് രൂപീകരിച്ചിട്ടുള്ളത്.


WAM/ അമൃത രാധാകൃഷ്ണൻ