അബുദാബി,22 ഏപ്രിൽ 2024 (WAM) --സുസ്ഥിര ഊർജ്ജ പദ്ധതികളിലൂടെ കാലാവസ്ഥ വ്യതിയാനത്തിനെതിരായുള്ള പോരാട്ടത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളുമായി ശക്തമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങൾ ഉത്സുകരാണെന്ന് ഡൊമിനിക്കൻ റിപ്പബ്ലിക്ക് അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച അബുദാബിയിൽ നടന്ന ഇൻ്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുടെ (ഐറീന) യോഗത്തിൽ പങ്കെടുക്കവെ എമിറേറ്റ്‌സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ, പുനരുപയോഗ ഊർജ്ജത്തിൽ യുഎഇയുടെ നിക്ഷേപത്തിൻ്റെ സാധ്യതകൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.
പുനരുപയോഗ ഊർജത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന സഹകരണ പദ്ധതികളുടെ സാധ്യതയും, ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ ഊർജ വൈസ് മന്ത്രി, റാഫേൽ ഒർലാൻഡോ ഗോമസ് ഡെൽ ഗ്യൂഡിസ് ഊന്നിപ്പറഞ്ഞു.
ഊർജ ഉത്പാദന വില കുറയ്ക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ബാധ്യതകൾ നിറവേറ്റുന്നതിനുമായി ഡൊമിനിക്കൻ റിപ്പബ്ലിക് കഴിഞ്ഞ നാല് വർഷത്തിനിടയിൽ അന്താരാഷ്ട്ര കാലാവസ്ഥ ഉടമ്പടികൾ പ്രകാരം പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിൻ്റെ അളവ് രണ്ടുതവണ വർദ്ധിപ്പിച്ചു. ഈ സംഭവവികാസങ്ങൾക്കൊപ്പം, ഡൊമിനിക്കൻ റിപ്പബ്ലിക് ഒരു പുതിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സായി ഹൈഡ്രജനെ അന്വേഷിക്കുകയാണെന്നും ഒരു ഗ്രീൻ ഹൈഡ്രജൻ റോഡ്മാപ്പ് നിർമ്മിക്കാൻ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഡെൽ ഗ്യൂഡിസ് അഭിപ്രായപ്പെട്ടു.
യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രത്യേകിച്ച് പുനരുപയോഗ ഊർജ മേഖലയിൽ, നിയമനിർമ്മാതാക്കൾക്ക് വഹിക്കാനാകുന്ന പങ്ക് ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ പാർലമെൻ്റ് അംഗമായ ഗാഡിസ് എൻറിക് കോർപോറൻ, ഊന്നിപ്പറഞ്ഞു. രാജ്യത്തെ പുനരുപയോഗ ഊർജ പദ്ധതികളിലെ നിക്ഷേപത്തിൻ്റെ ലക്ഷ്യസ്ഥാനമായി വിലയിരുത്താൻ അദ്ദേഹം യുഎഇ വ്യവസായികളെ ക്ഷണിക്കുകയും പുനരുപയോഗ ഊർജത്തിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിയമനിർമ്മാണ സംരംഭങ്ങൾ പങ്കിടാനും ചർച്ച ചെയ്യാനും പാർലമെൻ്റംഗങ്ങൾ ഐറീന അസംബ്ലിയിൽ പങ്കെടുക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം അടിവരയിടുകയും ചെയ്തു.
അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയായ മസ്ദർ സംഘടിപ്പിച്ച വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റിൽ (ഡബ്ല്യുഎഫ്ഇഎസ്) ഇരു നേതാക്കളും പങ്കെടുത്തു, ശുദ്ധമായ ഊർജവും സുസ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉചിതമായ വേദിയാണിതെന്നും അവർ അഭിപ്രായപ്പെട്ടു.
ലോകത്തെ മുൻനിര എനർജി ബ്രാൻഡുകളുമായി ബന്ധപ്പെടുന്നതിനും തകർപ്പൻ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ഒരു സവിശേഷ അവസരമാണ് വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റ് എന്ന് കോർപ്പറൻ പറഞ്ഞു.
ഒരു ദ്വീപ് പ്രദേശമെന്ന നിലയിൽ രാജ്യത്തിന് മറ്റ് രാജ്യങ്ങളുമായോ ഫോസിൽ ഇന്ധനങ്ങളുടെ അറിയപ്പെടുന്ന സ്രോതസ്സുകളുമായോ വൈദ്യുതി ഗ്രിഡ് കണക്ഷനുകളില്ലെങ്കിലും, പുനരുപയോഗ ഊർജ വികസനത്തിനുള്ള ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ പ്രതിബദ്ധത രണ്ട് ഉദ്യോഗസ്ഥരും ഊന്നിപ്പറഞ്ഞു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിലവിലുള്ള നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട്, പുനരുപയോഗ ഊർജങ്ങളിൽ വിദേശ നിക്ഷേപം സുഗമമാക്കുകയും, വൈദ്യുതി മേഖലയിലെ ഒരു പ്രാദേശിക മാനദണ്ഡമായി ദ്വീപിനെ സ്ഥാപിക്കുകയും ചെയ്യുന്നതായി, അവർ പറഞ്ഞു.
WAM/ അമൃത രാധാകൃഷ്ണൻ