അബുദാബി, 22 ഏപ്രിൽ 2024 (WAM) -- ഈ മാസം 23, 24 തീയ്യതികളിൽ ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യ തട്ടിപ്പുകളെക്കുറിച്ചുള്ള ആദ്യത്തെ അന്താരാഷ്ട്ര സിമ്പോസിയം അബുദാബിയിൽ സംഘടിപ്പിക്കാനൊരുങ്ങുക്കയാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) . ഭക്ഷ്യ തട്ടിപ്പ് ചെറുക്കാൻ ഒരുമിച്ച് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ അന്താരാഷ്ട്ര റെഗുലേറ്റർമാരും ഗൾഫ് സഹകരണ കൗൺസിലിലെ റെഗുലേറ്ററി ബോഡികളിലെ നേതാക്കളും പങ്കെടുക്കും. ഭക്ഷ്യ തട്ടിപ്പിനെതിരായ പോരാട്ടത്തിലെ മികച്ച രീതികളും അന്താരാഷ്ട്ര മുന്നേറ്റങ്ങളും അവലോകനം ചെയ്യുക, ദേശീയ ഭക്ഷ്യ തട്ടിപ്പ് വിരുദ്ധ നയങ്ങളെക്കുറിച്ച് സംസാരിക്കുക, പങ്കെടുക്കുന്ന അധികാരികൾക്കിടയിൽ അറിവും അനുഭവങ്ങളും കൈമാറുക, ഭക്ഷ്യ വിതരണ ശൃംഖലയിൽ ഭക്ഷ്യ തട്ടിപ്പ് രീതികളുടെ ഫലങ്ങൾ വിലയിരുത്തുക എന്നിവയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം.
ഭക്ഷ്യ ശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യ തട്ടിപ്പ് സമ്പ്രദായങ്ങൾ നിരീക്ഷിക്കാനും ചെറുക്കാനും. മുന്നറിയിപ്പ് സംവിധാനങ്ങളും റിസ്ക് മാനേജ്മെൻ്റ് തന്ത്രങ്ങളും വികസിപ്പിക്കുക, ഭക്ഷ്യ തട്ടിപ്പ് കേസുകൾ കണ്ടെത്തുക, പ്രവചിക്കുക, വിലയിരുത്തുക, ഭക്ഷ്യ തട്ടിപ്പ് മൂലം ഉപഭോക്താക്കൾക്കും ഭക്ഷ്യ മേഖലയ്ക്കും ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുക എന്നിവയും സമ്മേളനം ലക്ഷ്യമിടുന്നു. ഭക്ഷ്യ വഞ്ചനയെ ചെറുക്കുന്നതിനുള്ള ഏറ്റവും പുതിയ ആഗോള സമ്പ്രദായങ്ങളും സംഭവവികാസങ്ങളും അവലോകനം ചെയ്യുന്നതിനും കൈമാറുന്നതിനും കോൺഫറൻസിൻ്റെ പ്രാധാന്യം അഡാഫ്‌സ ഓപ്പറേഷണൽ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. മറിയം ഹരേബ് അൽ സുവൈദി ഊന്നിപ്പറഞ്ഞു.
ഭക്ഷ്യ സുരക്ഷയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യ തട്ടിപ്പിന്റെ അപകടസാധ്യതകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിവിധ പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള അഡാഫ്‌സയുടെ പ്രതിബദ്ധത ഈ സമ്മേളനം അടിവരയിടുന്നു. ആഗോള ഭക്ഷ്യ തട്ടിപ്പ് വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും മികച്ച രീതികൾ കൈമാറ്റം ചെയ്യുന്നതിനും വഞ്ചനാപരമായ പ്രവർത്തനങ്ങളെ തിരിച്ചറിയുന്നതിനും ഫലപ്രദമായി ചെറുക്കുന്നതിനും, വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും പങ്കാളികൾക്കിടയിൽ സഹകരണം വളർത്തുന്നതിനും, ജിസിസി രാജ്യങ്ങളിലെ എല്ലാ ഭക്ഷ്യമേഖലയിലെ പങ്കാളികൾക്കും സംവാദത്തിനുള്ള ഒരു വേദിയാണ് സമ്മേളനം.
WAM/ അമൃത രാധാകൃഷ്ണൻ