സർക്കാർ നടപടികളെക്കുറിച്ച് പഠിക്കാൻ റുവാണ്ടയിൽ നിന്നുള്ള പ്രതിനിധി സംഘം യുഎഇ സന്ദർശിച്ചു

അബുദാബി, 23 ഏപ്രിൽ 2024 (WAM) -- യുഎഇയുടെ വിജയകരമായ സർക്കാർ നടപടികളെക്കുറിച്ച് പഠിക്കാൻ റുവാണ്ടയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കാബിനറ്റ് കാര്യ മന്ത്രാലയത്തിലെ ഗവൺമെൻ്റ് എക്സ്പീരിയൻസ് എക്സ്ചേഞ്ച് ഓഫീസ് സന്ദർശിച്ചു. റുവാണ്ടയുടെ വികസനത്തിലും പരിഷ്കരണ ശ്രമങ്ങളിലും സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി ഫെഡറൽ, മുനിസിപ്പൽ തലങ്ങളിലെ മികച്ച രീതികൾ ടീം അവലോകനം ചെയ്തു. സാമ്പത്തിക ആസൂത്രണം, രാഷ്ട്രപതിയുടെ ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ്, റുവാണ്ട ഇൻഫർമേഷൻ സൊസൈറ്റി അതോറിറ്റി തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രധാന പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു.

റുവാണ്ടയിലെ ഗവൺമെൻ്റ് വികസനത്തിനും ആധുനികവൽക്കരണത്തിനും പിന്തുണക്കാൻ വിവിധ മേഖലകളിലെ യുഎഇ ഗവൺമെൻ്റിൻ്റെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും നൂതന മാതൃകകളെക്കുറിച്ചും പ്രതിനിധി സംഘത്തെ അറിയിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള സാധ്യതകളെ കുറിച്ച് സംഘം ചർച്ച ചെയ്യുകയും ചെയ്തു.

മറ്റ് ഗവൺമെൻ്റുകളുമായി അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിലൂടെ യുഎഇ സർക്കാർ ആഗോള പങ്കാളിത്തത്തിൻ്റെ വിജയകരമായ മാതൃക സ്ഥാപിച്ചതായി യുഎഇ ക്യാബിനറ്റ് അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രി അബ്ദുല്ല നാസർ ലൂത്ത പറഞ്ഞു.

സന്ദർശന വേളയിൽ, യുഎഇയും റുവാണ്ടയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭമായി കണക്കാക്കപ്പെടുന്ന സർക്കാർ നവീകരണ മേഖലയിലെ സഹകരണത്തിൻ്റെയും പങ്കാളിത്തത്തിൻ്റെയും മേഖലകൾ ചർച്ച ചെയ്യുന്നതിനായി ശിൽപശാലകൾ സംഘടിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ സർക്കാർ ആക്സിലറേറ്ററുകൾ രൂപകൽപന ചെയ്യുകയും ലോഞ്ച് ചെയ്യുകയും ചെയ്യുന്നതിലെ യുഎഇ ഗവൺമെൻ്റിൻ്റെ അനുഭവം, അവരുടെ ബിസിനസ് മോഡൽ, പുതിയ തലമുറ സർക്കാർ സേവനങ്ങളുടെ വികസനം, തന്ത്രങ്ങൾ രൂപകൽപന ചെയ്യുന്നതിലും സർക്കാർ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള രീതിശാസ്ത്രം, സർക്കാരിൻ്റെ പ്രകടന വിലയിരുത്തൽ എന്നിവ പ്രതിനിധികളെ വിശദീകരിച്ചു.

യുഎഇ ഗവൺമെൻ്റ് മീഡിയ ഓഫീസ്, സേവന കേന്ദ്രങ്ങൾ, നൂർ ദുബായ് ഫൗണ്ടേഷൻ, ഡിജിറ്റൽ സ്കൂൾ, കോഗ്നിറ്റീവ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് റോബോട്ടിക്സ് ലബോറട്ടറി (സിഎഐആർ), മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി (എംബിആർഎൽ) എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ പ്രതിനിധി സംഘം ഫീൽഡ് സന്ദർശനം നടത്തി.


2023-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ, യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനും റുവാണ്ടയുടെ പ്രധാനമന്ത്രി എഡ്വാർഡ് എൻഗിറെൻ്റയും ഒപ്പുവച്ച പങ്കാളിത്ത കരാറിന്റെ ഫലമായാണ് സന്ദർശനം.

നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുക, സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുക, കോഡിംഗ്, മത്സരശേഷി വർദ്ധിപ്പിക്കുക, ഉൾക്കാഴ്ചകൾ നേടുക, സർക്കാർ ആക്സിലറേറ്ററുകൾ ഉപയോഗിക്കുക, സർക്കാർ പ്രകടനം മെച്ചപ്പെടുത്തുക എന്നിങ്ങനെ ആറ് പ്രധാന മേഖലകൾ ഉൾപ്പെടുന്നതാണ് പങ്കാളിത്തം.


WAM/അമൃത രാധാകൃഷ്ണൻ