ഇക്വഡോർ, 24 ഏപ്രിൽ 2024 (WAM) --യുഎഇ പ്രതിനിധി സംഘം ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി യുഎഇയും ഇക്വഡോറും സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ചർച്ചകൾ ആരംഭിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ച് ഇന്ന് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. ലാറ്റിനമേരിക്കയിലെ വാണിജ്യ, നിക്ഷേപ സാന്നിദ്ധ്യം വർധിപ്പിക്കുന്നതിനായി കോസ്റ്റാറിക്കയുമായും കൊളംബിയയുമായും യുഎഇ അടുത്തിടെ ഉണ്ടാക്കിയ കരാറുകളെ തുടർന്നാണ് ഈ നീക്കം.
എണ്ണ ഇതര വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നിക്ഷേപ പ്രവാഹം വർദ്ധിപ്പിക്കുന്നതിനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. വ്യാപാര തടസ്സങ്ങൾ ഇല്ലാതാക്കി, ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റം സുഗമമാക്കുന്നതിലൂടെ, പങ്കാളിത്തം ഇരു രാജ്യങ്ങൾക്കും പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കുന്നു. ഈ പങ്കാളിത്തം ഇക്വഡോറിയൻ സ്ഥാപനങ്ങളെ യുഎഇയുടെ സാമ്പത്തിക മികവും ഭൂമിശാസ്ത്രപരമായ നേട്ടവും പ്രയോജനപ്പെടുത്താൻ അനുവദിക്കുന്നു, ഇത് എമിറാത്തി ബിസിനസുകൾക്കും നിക്ഷേപകർക്കും ലാറ്റിനമേരിക്കൻ വിപണികളിലേക്ക് ശക്തമായ പ്രവേശനം നൽകുന്നു.
2023-ൽ, യുഎഇയും ഇക്വഡോറും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 675 മില്യൺ ഡോളറായി ഉയർന്നു, ഇത് 2022-നെ അപേക്ഷിച്ച് 76% വർദ്ധനവ് രേഖപ്പെടുത്തി. ഇക്വഡോറിലെ പോസോർജ തുറമുഖത്ത്, ദുബായ് പോർട്‌സ് നടത്തിയ 1.2 ബില്യൺ ഡോളർ മൂല്യമുള്ള നിക്ഷേപം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വളർച്ചയുടെ തെളിവാണ്. ആഗോള വ്യാപാരം, നിക്ഷേപം, ലോജിസ്റ്റിക്കൽ ഹബ് എന്നീ നിലകളിൽ അതിൻ്റെ പദവി ഉറപ്പിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങൾ ഈ ലക്ഷ്യവുമായി യോജിക്കുന്നു. കൃഷി, വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, മറ്റ് പ്രയോജനകരമായ മേഖലകൾ എന്നിവയിൽ ആഴത്തിലുള്ള സാമ്പത്തിക ഏകീകരണം സ്ഥാപിക്കാനാണ് ചർച്ചകൾ ലക്ഷ്യമിടുന്നത്.
WAM/അമൃത രാധാകൃഷ്ണൻ