ഷാർജ, 24 ഏപ്രിൽ 2024 (WAM) --കനത്ത മഴയെ തുടർന്ന് പൗരന്മാരുടെ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ യുഎഇ മന്ത്രിസഭ 2 ബില്യൺ ദിർഹത്തിൻ്റെ പാക്കേജിന് അംഗീകാരം നൽകി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഫെഡറൽ, പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുമായി മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്.
ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയത്തിൻ്റെ അധ്യക്ഷതയിലുള്ള സമിതിയിൽ പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി, മറ്റ് ഫെഡറൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്നു.
വെല്ലുവിളികൾ നേരിടുന്നതിനും രാജ്യത്തിനുവേണ്ടി ഒന്നിച്ചുനിൽക്കുന്നതിനുമായി സർക്കാർ, അടിയന്തര പ്രതികരണ ടീമുകൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ നടത്തിയ പ്രവർത്തനങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. ഈ കാലയളവിൽ സെൻട്രൽ ഓപ്പറേഷൻ റൂമുകൾ 2 ലക്ഷത്തിലധികം റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു, 17,000-ലധികം സുരക്ഷാ, എമർജൻസി ഉദ്യോഗസ്ഥരും 15,000 പ്രാദേശിക അധികാരികളും നിരവധി സന്നദ്ധപ്രവർത്തകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
യുഎഇ ടൂറിസം സ്ട്രാറ്റജിയുടെ പ്രധാന നേട്ടങ്ങളും കാബിനറ്റ് അവലോകനം ചെയ്തു. 2023 ൽ മൊത്തം ഹോട്ടൽ അതിഥികളുടെ എണ്ണം 28 ദശലക്ഷത്തിലെത്തി, മുൻ വർഷത്തേക്കാൾ 11% വർധനവ് രേഖപ്പെടുത്തി. യുഎഇ ഗവൺമെൻ്റ് മീഡിയ ഓഫീസിൻ്റെ കണക്കനുസരിച്ച് 2023ലെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 180 ബില്യൺ ദിർഹമാണ്.
കാസർ അൽ വതനിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരിയും, ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ