അബുദാബി മൊബിലിറ്റി വീക്കിന്റെ ആദ്യ പതിപ്പ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ഉദ്ഘാടനം ചെയ്തു

അബുദാബി, 25 ഏപ്രിൽ 2024 (WAM) --പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെൻ്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദ്യ അബുദാബി മൊബിലിറ്റി വീക്ക് ഉദ്ഘാടനം ചെയ്തു.

ശൈഖ് തെയാബിൻ്റെ രക്ഷാകർതൃത്വത്തിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ടാണ് (ഡിഎംടി) പരിപാടി സംഘടിപ്പിക്കുന്നത്.

മെയ് 1 വരെ നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എക്കണോമിക് ഡെവലപ്‌മെൻ്റ്, അബുദാബി എയർപോർട്ട്സ്, ഇത്തിഹാദ് റെയിൽ, ഇത്തിഹാദ് എയർവേസ്, ബയാനത്ത്, അബുദാബി ട്രാൻസ്‌പോർട്ട് കമ്പനി, എഡി പോർട്ട് ഗ്രൂപ്പ്, എഡിക്യു ഏവിയേഷൻ ആൻഡ് , എയ്‌റോസ്‌പേസ് സർവീസ് തുടങ്ങി ഗതാഗത മേഖലയിലെ തന്ത്രപ്രധാന പങ്കാളികൾ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി, വ്യവസായത്തിൻ്റെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിച്ച ലോകത്തെ മുൻനിര സ്മാർട്ട്, ഓട്ടോണമസ് മൊബിലിറ്റി ഇവൻ്റായ ഡ്രിഫ്റ്റ്എക്സ്ൽ ശൈഖ് തിയാബ് പര്യടനം നടത്തി. ഡിഎംടിയുടെ അഫിലിയേറ്റ് ആയ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ഐടിസി) അബുദാബി മൊബിലിറ്റിയുടെ (എഡി മൊബിലിറ്റി) പുതിയ ബ്രാൻഡ് ഐഡൻ്റിറ്റി പ്രഖ്യാപിച്ചു.

"ഐടിസിയുടെ സംരംഭമായ അബുദാബി മൊബിലിറ്റി വീക്ക്, എമിറേറ്റിലെ തടസ്സമില്ലാത്തതും സുസ്ഥിരവുമായ ഗതാഗത മേഖലയെ ഏകീകരിക്കാനും വികസിപ്പിക്കാനും നവീകരിക്കാനും ലക്ഷ്യമിടുന്നു. മൊബിലിറ്റി പുനർ നിർവചിക്കുക, കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക, താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് വരും ആഴ്ചകളിൽ എല്ലാ ഗതാഗത മാർഗ്ഗങ്ങളിലും പുതിയ ബ്രാൻഡിംഗ് സജ്ജമാണെന്ന്," പുതിയ ബ്രാൻഡിൻ്റെ അവതരണത്തെക്കുറിച്ച് ഐടിസി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു.

അബുദാബി ഓട്ടോണമസ് റേസിംഗ് ലീഗ്, അബുദാബി ക്യാൻവാസ് കമ്മ്യൂണിറ്റി ടൂർ, മൊബിലിറ്റി ലൈവ് തുടങ്ങിയ പരിപാടികൾ ഈ ഉദ്ഘാടന പതിപ്പിൽ അവതരിപ്പിക്കും, അവ ഭാവി മൊബിലിറ്റി ഇവൻ്റുകൾക്കായി ഒരു മാനദണ്ഡം സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

WAM/അമൃത രാധാകൃഷ്ണൻ