സിഇപിഎ ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി യുഎഇയും ചിലിയും

സാൻ്റിയാഗോ, ചിലി, 25 ഏപ്രിൽ 2024 (WAM) -- യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ചിലിയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സിഇപിഎ) ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി.

ഇതേ തുടർന്ന്, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ചിലി വിദേശകാര്യ മന്ത്രി ആൽബെർട്ടോ വാൻ ക്ലാവെറനും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു.

2031ഓടെ യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൻ്റെ മൂല്യം 4 ട്രില്യൺ ദിർഹമായി ഉയർത്താനാണ് കരാർ ലക്ഷ്യമിടുന്നത്. 2023ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 305.1 മില്യൺ യുഎസ് ഡോളറിലെത്തി, 2019 മുതലുള്ള വ്യാപാര കണക്കുകൾ താരത്മ്യം ചെയ്യുമ്പോൾ 23.6% വളർച്ച കൈവരിച്ചു. ചിലിയിലെയും ലാറ്റിനമേരിക്കയിലെയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള യുഎഇ കമ്പനികൾക്കും കയറ്റുമതിക്കാർക്കും, വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയിൽ സുസ്ഥിര വളർച്ച കരാർ പ്രോത്സാഹിപ്പിക്കുന്നു.

"യുഎഇ നടപ്പിലാക്കുന്ന സിഇപിഎ പ്രോഗ്രാമിൽ ചിലി അനുയോജ്യമായ പങ്കാളിയാണ്. ഈ പങ്കാളിത്തം ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയിൽ സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കും," ഡോ. അൽ സെയൂദി അഭിപ്രായപ്പെട്ടു.

"കരാർ ഒപ്പിടുന്നതോടെ, ദക്ഷിണ അമേരിക്കയും മിഡിൽ ഈസ്റ്റും തമ്മിലുള്ള സുപ്രധാന പുതിയ വ്യാപാര ബന്ധങ്ങളിൽ നിന്ന് ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾക്ക് പ്രയോജനം ലഭിക്കും. 800 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വളരുന്ന വിപണികളെ ഈ രണ്ട് പ്രദേശങ്ങളും പ്രതിനിധീകരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

"യുഎഇയുമായുള്ള ഞങ്ങളുടെ വിശിഷ്ടമായ ബന്ധത്തിൽ, തുറന്നതും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ വ്യാപാരത്തിനായുള്ള കാഴ്ചപ്പാട് പങ്കിടുന്ന, സിഇപിഎ ചർച്ചകളുടെ സമാപനത്തെ ഞങ്ങൾ ഒരു ശ്രദ്ധേയമായ നേട്ടമായി കാണുന്നു," ആൽബെർട്ടോ വാൻ ക്ലാവെറൻ അഭിപ്രായപ്പെട്ടു.

“കരാർ നമ്മുടെ ഉഭയകക്ഷി വ്യാപാരത്തിന് കൂടുതൽ ആക്കം കൂട്ടുകയും ചിലിയും യുഎഇയും തമ്മിലുള്ള കൂടുതൽ സമ്പന്നവും ആധുനികവും ചലനാത്മകവുമായ സാമ്പത്തിക ബന്ധത്തിന് അതിരുകളില്ലാത്ത പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.


WAM/അമൃത രാധാകൃഷ്ണൻ