സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ നിബന്ധനകൾ ഒപ്പുവച്ച് യുഎഇയും ഉക്രെയ്നും

അബുദാബി, 29 ഏപ്രിൽ 2024 (WAM) --യുഎഇയും ഉക്രെയ്നും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സിഇപിഎ) നിബന്ധനകൾക്ക് അന്തിമരൂപം നൽകി. 2031 ഓടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൻ്റെ മൂല്യം 4 ട്രില്യൺ ദിർഹമായി ഉയർത്താനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് കരാർ.

വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ഉക്രെയ്‌നിൻ്റെ ആദ്യ ഉപപ്രധാനമന്ത്രിയും സാമ്പത്തിക വികസന-വ്യാപാര മന്ത്രിയുമായ യൂലിയ സ്വിരിഡെങ്കോയും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചതോടെയാണ് ചർച്ചകളുടെ സമാപനം സ്ഥിരീകരിച്ചത്.

യുഎഇ-ഉക്രെയ്ൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) നിലവിൽ വരുന്നത്തോടെ പ്രധാന ഉൽപ്പന്നങ്ങളുടെ താരിഫുകളും, വ്യാപാര തടസ്സങ്ങളും നീക്കം ചെയ്യുകയും കയറ്റുമതിക്കാർക്ക് ന്യായമായ വിപണി പ്രവേശനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന്, അൽ സെയൂദി പറഞ്ഞു. ധാന്യങ്ങൾ, യന്ത്രങ്ങൾ, ലോഹങ്ങൾ തുടങ്ങിയ പ്രധാന കയറ്റുമതികൾക്കായി മെന മേഖലയിലേക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനൊപ്പം ഉക്രെയ്‌നിൻ്റെ വീണ്ടെടുക്കലിനെയും പ്രധാന വ്യവസായങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും പുനർനിർമ്മിക്കുന്നതിനെ ഈ കരാർ പിന്തുണയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉക്രെയ്നിലെ വ്യവസായികൾക്കും സംരംഭകർക്കും ഏഷ്യയിലെയും ആഫ്രിക്കയിലെയും വളർച്ചാ വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിനും ലോജിസ്റ്റിക്‌സ്, ഉൽപ്പാദനം, ഐടി തുടങ്ങിയ മേഖലകൾക്കായി പുതിയ നിക്ഷേപ പാതകൾ തുറക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനുമുള്ള ഒരു പുതിയ പ്ലാറ്റ്‌ഫോം ഈ കരാർ വാഗ്ദാനം ചെയ്യുമെന്ന് യൂലിയ സ്വിരിഡെങ്കോ പറഞ്ഞു. ഉക്രേനിയൻ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിൽ ഈ കരാർ ഒരു പ്രധാന പങ്ക് വഹിക്കും, കരാർ അംഗീകരിക്കുന്നത് ഇരുവശത്തുമുള്ള ബിസിനസ്സ് കമ്മ്യൂണിറ്റികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ലോജിസ്റ്റിക്‌സ്, ഇൻഫ്രാസ്ട്രക്ചർ, ട്രാവൽ ആൻഡ് ടൂറിസം, അഡ്വാൻസ്ഡ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലായി 2022 അവസാനത്തോടെ 360 മില്യൺ യുഎസ് ഡോളറിൻ്റെ സംയുക്ത എഫ്ഡിഐ സ്റ്റോക്ക് രേഖപ്പെടുത്തി, ഉഭയകക്ഷി ബന്ധങ്ങളിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഇതെന്നും അവർ വ്യക്തമാക്കി.

ആഗോള വിപണികളിലുടനീളം യുഎഇയുടെ വ്യാപാര പങ്കാളികളുടെ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയ നാഴികക്കല്ലാണ് ഉക്രൈനുമായുള്ള ചർച്ചകളുടെ സമാപനം. ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര വ്യാപാര ഭൂപടത്തിലെ തന്ത്രപ്രധാനമായ വിപണികളുമായി ഇതിനകം പ്രാബല്യത്തിൽ വരികയോ, അല്ലെങ്കിൽ വിജയകരമായി ചർച്ചകൾ നടത്തുകയോ ചെയ്തിട്ടുള്ള 14 സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിലേക്ക് ഇതും ചേർക്കപ്പെടുന്നു.

WAM/അമൃത രാധാകൃഷ്ണൻ