ഫ്രഞ്ച് മാരിടൈം ഡേയുടെ രണ്ടാം പതിപ്പിന് ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം ആതിഥേയത്വം വഹിച്ചു

ദുബായ്, 30 ഏപ്രിൽ 2024 (WAM) --സമുദ്രമേഖലയിൽ തന്ത്രപരമായ പങ്കാളിത്തത്തിനും അനുഭവങ്ങൾ കൈമാറുന്നതിനുമായി യുഎഇയും ഫ്രാൻസും തമ്മിലുള്ള സംയുക്ത സംരംഭമായ ഫ്രഞ്ച് മാരിടൈം ഡേയുടെ രണ്ടാം പതിപ്പിന് യുഎഇയിലെ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം ആതിഥേയത്വം വഹിച്ചു. ഫ്രാൻസുമായി സഹകരിച്ച് നടന്ന പരിപാടിയിൽ ദുബായിലെ ഫ്രാൻസ് കോൺസൽ ജനറൽ നതാലി കെന്നഡി, നാവിക ഉദ്യോഗസ്ഥർ, വിദഗ്ധർ, ദേശീയ അന്തർദേശീയ നാവിക കമ്പനികൾ എന്നിവർ പങ്കെടുത്തു.

നൂതന സാങ്കേതികവിദ്യകളും പരിഹാരങ്ങളും ഉയർത്തിക്കാട്ടുന്ന അവതരണങ്ങളും ശിൽപശാലകളും ഉപയോഗിച്ച് സമുദ്രമേഖലയുടെ വളർച്ചയെ നയിക്കുന്നതിൽ ആധുനിക സാങ്കേതികവിദ്യയുടെ പങ്കിനെ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. ശക്തമായ സമുദ്ര സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള യുഎഇയുടെ പദ്ധതികൾ, ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ, നെറ്റ് സീറോ നേടാനുള്ള കൂട്ടായ പ്രേരണ എന്നിവയ്‌ക്ക് അനുസൃതമായി സമുദ്രമേഖലയുടെ ഭാവിയെക്കുറിച്ചും അത് എങ്ങനെ സുസ്ഥിരമാക്കാമെന്നതിനെക്കുറിച്ചും പരിപാടി ചർച്ച ചെയ്തു.

സമുദ്രമേഖലയിൽ സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ നവീകരണത്തിൻ്റെ പ്രാധാന്യം ഊർജ വകുപ്പിലെ സമുദ്ര ഗതാഗത കാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഹെസ്സ അൽ മാലെക് ഊന്നിപ്പറഞ്ഞു. യുഎഇയുമായുള്ള സമുദ്രമേഖലയിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിപുലമായ സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനും സുസ്ഥിര പാരിസ്ഥിതിക സമ്പ്രദായങ്ങൾക്കുമുള്ള ഫ്രാൻസിൻ്റെ പ്രതിബദ്ധത കെന്നഡി പ്രകടിപ്പിച്ചു.


WAM/അമൃത രാധാകൃഷ്ണൻ