കൊതുക് വിരുദ്ധ കാമ്പയിൻ്റെ മൂന്നാം ഘട്ടത്തിനായുള്ള ശ്രമങ്ങൾ ശക്തമാക്കി പരിസ്ഥിതി മന്ത്രാലയം

ദുബായ്, 4 മെയ്, 2024 (WAM) -- നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എൻസിഇഎംഎ), യുഎഇയിലുടനീളമുള്ള പ്രാദേശിക അധികാരികൾ എന്നിവയുമായി സഹകരിച്ച്, കൊതുകു വിരുദ്ധ കാമ്പെയ്‌നിൻ്റെ മൂന്നാം ഘട്ട ശ്രമങ്ങൾ ഊർജിതമാക്കിയതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) അധികൃതർ അറിയിച്ചു. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കാനും അവയുടെ വ്യാപനം കുറയ്ക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

ഈ സാഹചര്യത്തിൽ, കൊതുക് നിയന്ത്രണ ശ്രമങ്ങൾ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നിനെ പ്രതിനിധീകരിക്കുന്നതായി പരിസ്ഥിതി മന്ത്രാലയത്തിലെ സുസ്ഥിര കമ്മ്യൂണിറ്റി വിഭാഗത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ആലിയ അബ്ദുൾ റഹീം അൽ ഹർമൂദി പറഞ്ഞു. ലഭ്യമായ ആശയവിനിമയ മാർഗങ്ങളിലൂടെ കൊതുകുകളുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കുന്നതിന് സമൂഹത്തിനുള്ള മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകാൻ മന്ത്രാലയം വരും കാലയളവിൽ പ്രവർത്തിക്കുമെന്ന് അവർ സ്ഥിരീകരിച്ചു.


അതേസമയം, സുരക്ഷാ മുൻകരുതലുകളോടെയുള്ള പ്രതിരോധ നടപടികൾ പ്രചരിപ്പിക്കുന്നതിനൊപ്പം കൊതുകുകളെ ചെറുക്കുന്നതിനും അവയുടെ വ്യാപനം കുറയ്ക്കുന്നതിനുമുള്ള ഏറ്റവും പുതിയതും മികച്ചതുമായ സാങ്കേതിക പരിഹാരങ്ങൾ ഉപയോഗിക്കാൻ മന്ത്രാലയം താൽപ്പര്യപ്പെടുന്നുവെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ മുനിസിപ്പൽ അഫയേഴ്സ് മാനേജ്‌മെൻ്റ് ഡയറക്ടർ ഒതൈബ സയീദ് അൽഖയ്ദി പറഞ്ഞു. ഈ കാമ്പെയ്‌നിൽ ഉപയോഗിക്കുന്നതെല്ലാം സുരക്ഷിതവും മനുഷ്യർക്കും മൃഗങ്ങൾക്കും ഹാനികരമല്ലാത്ത മാർഗങ്ങളാണെന്നും, കൊതുകുകളുടെ ഉന്മൂലനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അവർ സ്ഥിരീകരിച്ചു.


WAM/അമൃത രാധാകൃഷ്ണൻ