ദുബായ്, 5 മെയ്, 2024 (WAM) -- ദുബായിലെ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ പദ്ധതികളും സംരംഭങ്ങളും അവലോകനം ചെയ്യുന്നതിനുള്ള ജുഡീഷ്യൽ അതോറിറ്റിയുടെ യോഗത്തിൽ ദുബായിലെ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു. ജുഡീഷ്യൽ അതോറിറ്റിയുടെ 2023-ലെ വാർഷിക റിപ്പോർട്ട് യോഗം അംഗീകരിച്ചു, ദുബായ് കോടതികളിലും ജുഡീഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റിയിലും നിരവധി പേരെ നിയമിക്കുകയും കൗൺസിലിനായി ഒരു പുതിയ വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്തു. ജുഡീഷ്യൽ സേവനങ്ങളിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയതും മികച്ചതും നീതിപൂർവകവുമായ സ്ഥാപനമാക്കാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നീതിന്യായ വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ശൈഖ് മക്തൂം ഊന്നിപ്പറഞ്ഞു.
ജുഡീഷ്യൽ അതോറിറ്റിയുടെ 2023ലെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രകടന സൂചകങ്ങളിലെ വർദ്ധനവ്, സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഉടനടി നീതിയും നിയമവാഴ്ചയും ഉറപ്പാക്കുന്നതിനുള്ള ദുബായുടെ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. മികച്ച നിയമ, ജുഡീഷ്യൽ സേവനങ്ങൾ ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, നീതിന്യായ വ്യവസ്ഥയുടെ വേഗത, കാര്യക്ഷമത, സുതാര്യത എന്നിവ വർധിപ്പിക്കുന്നതിന് ശൈഖ് മക്തൂം സജീവമായ പദ്ധതികളും പരിപാടികളും നിർദ്ദേശിച്ചു.
യോഗത്തിൽ ദുബായ് ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി, ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ, ദുബായ് കോടതികളുടെ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് ഗാനേം അൽ സുവൈദി, ദുബായ് ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡയറക്ടർ ജഡ്ജി മുഹമ്മദ് മുബാറക് അൽ സബൂസി എന്നിവർ പങ്കെടുത്തു. സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, പ്രകടനവും ഭരണവും മെച്ചപ്പെടുത്തൽ, അതോറിറ്റിയുടെ പുതിയ ഘടന വികസിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള സുപ്രധാന പദ്ധതികളുമായി ദുബായിലെ വിവിധ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ