അബുദാബി, 5 മെയ്, 2024 (WAM) --ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്സണും എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 33-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പ്രസിദ്ധീകരണങ്ങൾ ഉൾക്കൊള്ളുന്ന പവലിയൻ സന്ദർശിച്ചു.
പവലിയനിൽ അൽ മക്തൂമിൻ്റെ 'മൈ വിഷൻ,' 'മൈ സ്റ്റോറി,' 'ഫ്ലാഷസ് ഓഫ് തോട്ട്സ്,' 'സന്തോഷത്തെയും പോസിറ്റിവിറ്റിയെയും കുറിച്ചുള്ള പ്രതിഫലനങ്ങൾ,' സായിദ് കവിതകളുടെ സമാഹാരങ്ങൾ, 'മരുഭൂമിയിൽ നിന്നുള്ള 40 കവിതകൾ' 'കുതിരകളുടെ സ്നേഹത്തിന്,' 'രണ്ട് മഹത്തായ നേതാക്കൾ,' 'എൻ്റെ ചെറിയ ലോകം,' 'മരുഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേക്കുള്ള ഒരു യാത്ര,' 'ജ്ഞാനത്തിൻ്റെ മിന്നലുകൾ', 'മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ഉദ്ധരണികൾ എന്നിവയുൾപ്പെടെ പ്രമുഖ കൃതികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
സമൂഹത്തിൽ നല്ല മാറ്റങ്ങൾ വളർത്തുന്നതിനും ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നതിനും വിജ്ഞാനത്തിൽ നിക്ഷേപിക്കേണ്ടതിൻ്റെ പ്രാധാന്യവും, ശൈഖ് മുഹമ്മദിൻ്റെ സൃഷ്ടികൾക്കായി ഒരു പവലിയൻ സമർപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും ശൈഖ ലത്തീഫ എടുത്തുപറഞ്ഞു. ഇത് എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് അദ്ദേഹത്തിൻ്റെ വിവിധ സംഭാവനകളിലേക്ക് ഒരു നേർക്കാഴ്ച നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
പവലിയനിലെ കുട്ടികളുടെ പുസ്തക വിഭാഗം സന്ദർശിച്ച ശൈഖ ലത്തീഫ പുസ്തകമേളയിൽ പങ്കെടുത്ത ഒരു കൂട്ടം വിദ്യാർത്ഥികളുമായി സംവദിക്കുകയും അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ജീവിതത്തെയും പൈതൃകങ്ങളെയും അനുസ്മരിച്ചുകൊണ്ട് 'രണ്ട് മഹാനായ നേതാക്കൾ' എന്ന പുസ്തകം അവർക്ക് മുന്നിൽ വായിക്കുകയും ചെയ്തു.
അബുദാബി അറബിക് ഭാഷാ കേന്ദ്രമാണ് 'വേർ വേൾഡ് ടെയിൽസ് അൺഫോൾഡ്' എന്ന പ്രമേയത്തിൽ 33-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തക മേള സംഘടിപ്പിക്കുന്നത് . 140 പുതുമുഖങ്ങളും 375 പ്രാദേശിക പ്രദർശകരും ഉൾപ്പെടെ 90 രാജ്യങ്ങളിൽ നിന്നുള്ള 1,350 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ