അബ്ദുല്ല ബിൻ സായിദ് ഖത്തർ പ്രധാനമന്ത്രിയുമായും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രിയുമായും ഗാസയിലെ സാഹചര്യവും വെടിനിർത്തൽ ശ്രമങ്ങളും ചർച്ച ചെയ്തു

അബുദാബി, 7 മെയ്, 2024 (WAM) --ഗാസ മുനമ്പിൻ്റെ തെക്കൻ ഭാഗത്ത് സൈനിക വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രിയും, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി ഫോണിൽ സംസാരിച്ചു.ഗാസ മുനമ്പിലെ സംഭവവികാസങ്ങളെക്കുറിച്ചും വെടിനിർത്തൽ കരാർ കൈവരിക്കാനും ബന്ദികളെ കൈമാറ്റം ചെയ്യാൻ ഖത്തറും ഈജിപ്തും നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

ഖത്തറിൻറെയും, ഈജിപ്തിൻറെയും മധ്യസ്ഥ ശ്രമങ്ങൾ സംഘർഷം അവസാനിപ്പിക്കുകയും പലസ്തീൻ ജനതയെ കൂടുതൽ ദുരിതത്തിൽ നിന്ന് ഒഴിവാക്കുകയും പ്രദേശത്തെ സുരക്ഷയും സ്ഥിരതയും സമാധാനവും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു സന്ധിയിലേക്ക് നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട്, ഇക്കാര്യത്തിൽ നടത്തിയ ശ്രമങ്ങളെ ശൈഖ് അബ്ദുല്ല പ്രശംസിച്ചു. ഈ ശ്രമങ്ങളിൽ യുഎഇയുടെ പിന്തുണ ഊന്നിപ്പറയുകയും ചെയ്തു.

ഗാസയിലെ ജനതയുടെ ആവശ്യങ്ങളോടുള്ള മാനുഷിക പ്രതികരണത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ പ്രാധാന്യം യുഎഇ വിദേശകാര്യ മന്ത്രി അടിവരയിട്ടു, വൈദ്യസഹായവും ദുരിതാശ്വാസ സാമഗ്രികളും തടസ്സമില്ലാതെ സുരക്ഷിതമായി എത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ