പ്രതികൂല കാലാവസ്ഥയിലും സുഗമമായ പ്രവർത്തനം ഉറപ്പാക്കിയ ജീവനക്കാരെ പ്രശംസിച്ച് അബുദാബി എയർപോർട്ട്

അബുദാബി, 2024 മെയ് 07, 2024 (WAM) -- പ്രതികൂല കാലാവസ്ഥയിൽ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ അബുദാബി എയർപോർട്ട്സ് തങ്ങളുടെ ജീവനക്കാരുടെയും പങ്കാളികളുടെയും കഠിനാധ്വാനത്തെ പ്രശംസിച്ചു. കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, സർവീസ് തടസ്സങ്ങളെ നേരിടുന്നതിനും എല്ലാ യാത്രക്കാർക്കും സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുന്നതിനും എയർപോർട്ട് ജീവനക്കാർ സമാനതകളില്ലാത്ത പ്രതിബദ്ധതയും പ്രൊഫഷണലിസവും പ്രകടിപ്പിച്ചു. ജീവനക്കാർ തമ്മിലുള്ള ഫലപ്രദമായ ഏകോപനം പ്രവർത്തനങ്ങളുടെ സുഗമമായ തുടർച്ചയ്ക്ക് കാരണമായി.

ഇത്തിഹാദ് എയർപോർട്ട് സർവീസുമായും എയർപോർട്ടിൽ പ്രവർത്തിക്കുന്ന എയർലൈനുകളുമായും പൂർണ്ണ ഏകോപനത്തോടെ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ കാലാവസ്ഥാ പ്രതിസന്ധിയുടെ തുടക്കം മുതൽ എയർപോർട്ട് ജീവനക്കാർ വിശ്രമമില്ലാതെ പ്രയത്നിച്ചു. ദേശീയ ഗാർഡ് കമാൻഡ് ഉൾപ്പെടെ നിരവധി സർക്കാർ ഏജൻസികൾ ഉടനടി പിന്തുണ നൽകി യാത്രക്കാരെ സുരക്ഷിതമാക്കുകയും എല്ലാ യാത്രാ പ്രവർത്തനങ്ങളും സുഗമമാക്കുകയും ചെയ്തു. കസ്റ്റംസ് ഓഫീസർമാരും ട്രാഫിക് പോലീസ് ഓഫീസർമാരും ഗ്രൗണ്ടിലെ സാഹചര്യം വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യാൻ സഹായിച്ചു.

പ്രവർത്തന പ്രക്രിയകളിൽ കാലാവസ്ഥയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള അവരുടെ പ്രയത്നങ്ങൾക്കും ഫലപ്രദമായ സംഭാവനകൾക്കും അംഗീകാരമായി, അബുദാബി എയർപോർട്ട്, പ്രതികൂല സാഹചര്യം നേരിടാൻ കഠിനമായി പ്രയത്നിച്ച എയർപോർട്ട് ജീവനക്കാരെ ആദരിച്ചു.