ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ യൂറിയ പ്ലാൻ്റിൽ നിക്ഷേപം നടത്തി മുബദാല

അബുദാബി, 7 മെയ്, 2024 (WAM) -- അബുദാബി പരമാധികാര നിക്ഷേപകരായ മുബദാല ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി, ആഗോള ഇൻഫ്രാസ്ട്രക്ചർ പാർട്‌ണർമാർക്കൊപ്പം പെർഡമാൻ്റെ 6.4 ബില്യൺ ഡോളർ (4.2 ബില്യൺ യുഎസ് ഡോളർ) വെസ്റ്റേൺ ഓസ്‌ട്രേലിയ യൂറിയ പദ്ധതിയിൽ നിക്ഷേപം പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയൻ രാസവള വ്യവസായത്തിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നിക്ഷേപത്തെ ഈ പദ്ധതി പ്രതിനിധീകരിക്കുന്നു, പ്രതിവർഷം രണ്ട് ദശലക്ഷം ടണ്ണിലധികം യൂറിയ ഉൽപ്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

ഉയർന്ന നിലവാരമുള്ള രാസവളങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം ഈ പ്ലാൻ്റ് പരിഹരിക്കും, ഓസ്‌ട്രേലിയയുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും.

മികച്ച ഊർജ കാര്യക്ഷമതയും കുറഞ്ഞ ഉദ്വമനവും ഉറപ്പാക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്ലാൻ്റിൽ ഉൾപ്പെടുത്തും. കൽക്കരി അടിസ്ഥാനമാക്കിയുള്ള യൂറിയയുടെ ഇറക്കുമതി മാറ്റിസ്ഥാപിക്കുന്നതിനു പുറമേ, വ്യവസായ ഉദ്‌വമനം കുറയ്ക്കുന്നതിനും രാസവള ഉൽപാദനത്തിൻ്റെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനുമായി സോളാർ എനർജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ ശുദ്ധ ഊർജ സാങ്കേതിക വിദ്യകൾ പ്ലാൻ്റ് സ്വീകരിക്കും.

ഓസ്‌ട്രേലിയയിലെ പെർഡമാൻ്റെ ലോകോത്തര യൂറിയ പദ്ധതിയിലേക്കുള്ള നിക്ഷേപത്തിലൂടെ ഞങ്ങളുടെ വളർന്നുവരുന്ന പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിൽ മുബദാലയ്ക്ക് സന്തോഷമുണ്ടെന്ന് മുബദാലയിലെ പരമ്പരാഗത ഇൻഫ്രാസ്ട്രക്ചർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സഈദ് അരാർ പറഞ്ഞു. യൂറിയ ഉൽപ്പാദനത്തിൻ്റെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനൊപ്പം ദേശീയ, പ്രാദേശിക ഭക്ഷ്യസുരക്ഷാ അഭിലാഷങ്ങളെ പിന്തുണയ്‌ക്കുന്ന മുബദാലയുടെ ഉത്തരവാദിത്ത നിക്ഷേപ മാൻഡേറ്റുമായി നിക്ഷേപം യോജിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.


WAM/അമൃത രാധാകൃഷ്ണൻ