യുഎഇ അംബാസഡർ പരാഗ്വേയിലെ സെനറ്റിൻ്റെയും കോൺഗ്രസിൻ്റെയും പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

പരാഗ്വേ, 7 മേയ്, 2024 (WAM) -- അർജൻ്റീനയിലെ യുഎഇ അംബാസഡറും ഉറുഗ്വേയിലെയും പരാഗ്വേയിലെയും നോൺ റസിഡൻ്റ് അംബാസഡറുമായ സയീദ് അബ്ദുല്ല അൽ ഖംസി, പരാഗ്വേയിലെ സെനറ്റിൻ്റെയും കോൺഗ്രസിൻ്റെയും പ്രസിഡന്റായ സിൽവിയോ ഒവെലാറുമായി കൂടിക്കാഴ്ച നടത്തി. പരാഗ്വേയിലെ തലസ്ഥാനമായ അസുൻസിയോണിലെ കോൺഗ്രസ് ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

കൂടിക്കാഴ്ചയിൽ, അൽ ഖംസി, ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷിൻ്റെ ആശംസകൾ അറിയിക്കുകയും, യുഎഇ സന്ദർശിക്കാനുള്ള ക്ഷണക്കത്ത് ഒവെലാറിന് കൈമാറുകയും ചെയ്തു.

ഫെഡറൽ കൗൺസിലിനും സെനറ്റിനുമിടയിൽ പാർലമെൻ്ററി സൗഹൃദ സമിതി രൂപീകരിക്കുന്നതിനുള്ള പ്രമേയത്തിൽ ഒവെലാർ ഒപ്പുവെക്കുന്ന ചടങ്ങിലും അൽ ഖംസി പങ്കെടുത്തു.

വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ താൽപ്പര്യവും അദ്ദേഹം സ്ഥിരീകരിച്ചു. ഇത് യുഎഇയും പരാഗ്വേയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


WAM/അമൃത രാധാകൃഷ്ണൻ