ചെന്നൈ, 7 മെയ് 2024 (WAM) --ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) ഇന്ത്യയിലേക്കുള്ള ആദ്യ വ്യാപാര ദൗത്യം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഷാർജ-ഇന്ത്യ ബിസിനസ് ഫോറത്തിന്റെ ആദ്യ യോഗം ചെന്നൈയിൽ നടന്നു. വിവിധ മേഖലകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രതിനിധീകരിച്ച് എമിറാത്തി കമ്പനികളും നൂറിലധികം ഇന്ത്യൻ കമ്പനികളും ചെന്നൈയിലെ 160-ലധികം ഉഭയകക്ഷി ബിസിനസ് യോഗങ്ങൾ ചേർന്നു. ഇന്ത്യൻ വിപണിയിൽ എമിറാത്തി ബിസിനസുകളുടെ സാന്നിധ്യം വർധിപ്പിക്കാനും പുതിയ കയറ്റുമതി ചാനലുകൾ തുറക്കാനും ഇന്ത്യയിലെ പ്രധാന പങ്കാളികളുമായി തടസ്സമില്ലാത്ത ആശയവിനിമയം സുഗമമാക്കാനും എസ്‌സിസിഐ ലക്ഷ്യമിടുന്നു. ഷാർജയിലെ എല്ലാ മേഖലകളിലും വാഗ്ദാനമായ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു.
ഫോറത്തിൽ എസ്‌സിസിഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, വലീദ് അബ്ദുൾ റഹ്മാൻ ബുഖാതിർ, സിയാദ് മുഹമ്മദ് ഖൈറല്ല എന്നിവർ പങ്കെടുത്തു. എമിറേറ്റിൽ നിക്ഷേപം നടത്താൻ കൂടുതൽ ഇന്ത്യൻ വ്യവസായികളെ ആകർഷിക്കുന്നതിനും ഷാർജ ആസ്ഥാനമായുള്ള ബിസിനസ്സുകളുടെ ആഗോള വിപുലീകരണം സുഗമമാക്കുന്നതിനുമായി ചെന്നൈയിലെ വ്യാപാര, വ്യാവസായിക ചേംബറുകളുമായും നിക്ഷേപ അതോറിറ്റികളുമായും ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ എസ്‌സിസിഐ പ്രതിനിധി സംഘം ചർച്ച ചെയ്തു.
2030-ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 250 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ലെ കണക്കുകൾ അനുസരിച്ച് ഏകദേശം 18 ബില്യൺ ഡോളറിൻ്റെ നിക്ഷേപമുള്ള ഇന്ത്യയിലെ ഏഴാമത്തെ നിക്ഷേപക രാജ്യമാണ് യുഎഇ. ഇരു രാജ്യങ്ങളിലെയും, പ്രത്യേകിച്ച് ഷാർജയിലെയും ചെന്നൈയിലെയും വ്യവസായികളും നിക്ഷേപകരും തമ്മിലുള്ള സഹകരണവും സഹകരണ ബിസിനസ് സാധ്യതകളും ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം ഫോറം ഊന്നിപ്പറഞ്ഞു.
നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും പങ്കാളിത്തം വളർത്തുന്നതിനും യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ഷാർജ ചേംബർ ലക്ഷ്യമിടുന്നു. എസ്‌സിസിഐയും ബിസിനസുകാരും തമ്മിലുള്ള ഉഭയകക്ഷി യോഗങ്ങളിൽ സഹകരണത്തിനും നിക്ഷേപ പങ്കാളിത്തത്തിനുമുള്ള വഴികളെ കേന്ദ്രീകരിച്ച് നിരവധി ചർച്ചകൾ നടന്നു.
WAM/അമൃത രാധാകൃഷ്ണൻ