ദുബായ്, 2024 മെയ് 8 (WAM) --സമുദ്രമേഖലയിൽ സഹകരണം, പരിശീലനം, വിജ്ഞാന വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇയുടെ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും (എംഒഇഐ) ജോർദാനിലെ ഗതാഗത മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുഎഇ സമുദ്ര ഗതാഗത മന്ത്രിയുടെ ഉപദേഷ്ടാവ് ഹെസ്സ അൽ മാലെക്കും ജോർദാൻ മാരിടൈം അതോറിറ്റി ഡയറക്ടർ ജനറൽ ഒമർ അൽ ദബ്ബാസുമാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സമുദ്ര ശാസ്ത്ര സാങ്കേതിക പരിജ്ഞാനം, അനുഭവങ്ങളും വിവരങ്ങളും പങ്കുവയ്ക്കൽ, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭമായ സമുദ്രമേഖലയിൽ പുരോഗതി കൈവരിക്കുക എന്നിവയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. സാങ്കേതിക വികാസങ്ങൾ കൈമാറ്റം ചെയ്യുന്നതിനും സുസ്ഥിര വികസനത്തിനായുള്ള രാജ്യത്തിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായി സഞ്ചരിക്കുന്നതിനും സമുദ്രമേഖലയിലെ ഫലപ്രദമായ പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും ധാരണാപത്രം അടിവരയിട്ടു.
ജോർദാനിയൻ മാരിടൈം അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രശംസിക്കുകയും സമുദ്രമേഖലയിൽ കൈവരിച്ച പുരോഗതിയിൽ അഭിമാനിക്കുകയും ചെയ്തു. മാറുന്ന വ്യവസായ പ്രവണതകൾക്കനുസൃതമായി സമുദ്ര വിദ്യാഭ്യാസത്തിൻ്റെയും പരിശീലനത്തിൻ്റെയും ആവശ്യകതയും സമുദ്ര വിദ്യാഭ്യാസവും പരിശീലന സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആവശ്യകതയും ധാരണാപത്രം ഊന്നിപ്പറയുന്നു.
നാവികർക്കായുള്ള പരിശീലനം, സർട്ടിഫിക്കേഷൻ, വാച്ച് കീപ്പിംഗ് (എസ്‌ടിസിഡബ്ല്യു) എന്നിവയുടെ അന്താരാഷ്ട്ര കൺവെൻഷനും അതിൻ്റെ ഭേദഗതികളും നടപ്പിലാക്കുന്നതിനുള്ള യുഎഇയുടെയും ജോർദാനിൻ്റെയും പ്രതിബദ്ധതയാണ് ധാരണാപത്രം പ്രതിഫലിപ്പിക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ