ദുബായ്, 8 മെയ്, 2024 (WAM) -- വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള 50-ലധികം മാധ്യമ നേതാക്കളും പത്രപ്രവർത്തകരും ഉള്ളടക്ക സ്രഷ്‌ടാക്കളും ഉൾപ്പെടുന്ന 'മീഡിയ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ' ആദ്യ ഘട്ടം യുഎഇ മീഡിയ കൗൺസിലും ഗൂഗിളും പൂർത്തിയാക്കി. ദുബായ് മീഡിയ സിറ്റിയിലെ ഗൂഗിളിൻ്റെ റീജിയണൽ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ 50-ലധികം പേർ പങ്കെടുത്തു.
ആഗോള സംഭവവികാസങ്ങൾക്കൊപ്പം മാധ്യമ കേഡർമാരുടെ കഴിവുകളിൽ നിക്ഷേപം നടത്തേണ്ടതിൻ്റെ പ്രാധാന്യം, യുഎഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സഈദ് അൽ ഷെഹി ഊന്നിപ്പറഞ്ഞു. ഏറ്റവും പുതിയ മാധ്യമ വൈദഗ്ധ്യം ഉപയോഗിച്ച് മാധ്യമ വിദഗ്ധരെ ശാക്തീകരിക്കുന്നതിനും മാധ്യമ സ്ഥാപനങ്ങളുടെ വികസനത്തിനും അവരുടെ ആഗോള മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനും ശിൽപശാല ലക്ഷ്യമിടുന്നു.
ഗൂഗിളുമായുള്ള ദീർഘകാല പങ്കാളിത്തത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, വാർത്താമുറികളിലെ ജനറേറ്റീവ് എഐ ഉപയോഗം, ഉള്ളടക്ക സ്രഷ്‌ടാക്കൾക്കായുള്ള വീഡിയോ നിർമ്മാണം, മീഡിയ പ്രൊഫഷണലുകളെ പിന്തുണയ്ക്കുകയും അവരുടെ ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന മറ്റ് ഡിജിറ്റൽ കഴിവുകൾ പരിപോഷിക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള വർക്ക്‌ഷോപ്പുകളുടെ പരമ്പരകളുടെ ഭാഗമാണ് പരിശീലന പരിപാടി. മാധ്യമ മേഖലയുടെ വളർച്ചയെ പിന്തുണയ്‌ക്കുന്നതിനും ദേശീയ മാധ്യമ കേഡറുകൾ വികസിപ്പിക്കുന്നതിൽ നിക്ഷേപം നടത്തുന്നതിനും മാധ്യമ വ്യവസായത്തിൻ്റെ വളർച്ചയും വികാസവും പ്രാപ്‌തമാക്കുന്നതിനും ആഗോള മാധ്യമ ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം
ഉയർത്തുന്നതിലും യുഎഇ മീഡിയ കൗൺസിൽ പ്രതിജ്ഞാബദ്ധമാണ്.
മീഡിയ റീച്ച്, ഇംപാക്ട് മെഷർമെൻ്റ്, യൂട്യൂബ് പ്രേക്ഷകരുടെ വളർച്ച, പരസ്യ വരുമാന വളർച്ച, വാർത്താക്കുറിപ്പുകളുടെ വളർച്ച, വിവിധ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് ഡിജിറ്റൽ ലോകത്ത് എഡിറ്റിംഗ്, പബ്ലിഷിംഗ് കഴിവുകൾ വികസിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ ഉൾപ്പെടുത്തിയിരുന്നു.
WAM/അമൃത രാധാകൃഷ്ണൻ