അബുദാബി, 8 മെയ്, 2024 (WAM) --രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് യുഎഇ ധനമന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഈ പങ്കാളിത്തങ്ങൾ കാര്യക്ഷമത വർദ്ധിപ്പിക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, ചെലവ് കുറയ്ക്കുക, നവീകരണം, മത്സരശേഷി, വ്യക്തിഗത താൽപ്പര്യങ്ങൾ സംരക്ഷിക്കൽ എന്നിവയിലൂടെ വിഭവ വിനിയോഗം മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സഹായിക്കുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിവിധ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണവും സംഭാഷണവും വർദ്ധിപ്പിക്കുന്നതിന് മന്ത്രാലയം സംയോജിത തന്ത്രങ്ങൾ വികസിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഊർജം, ഗതാഗതം, തുടങ്ങിയ വിവിധ മേഖലകളിൽ പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണവും ധാരണയും വർദ്ധിപ്പിക്കാനാണ് പങ്കാളിത്ത മാതൃക ലക്ഷ്യമിടുന്നത്. ഈ സഹകരണം സ്വകാര്യമേഖലയുടെ മൂലധനം, അറിവ്, പ്രോജക്ട് മാനേജ്‌മെൻ്റിലെ വൈദഗ്ദ്ധ്യം, പൊതുമേഖലയുടെ സാമ്പത്തിക സ്രോതസ്സുകൾ വികസിപ്പിക്കൽ, പദ്ധതി നടപ്പാക്കൽ സമയപരിധി കുറയ്ക്കൽ, സേവനച്ചെലവ് കുറയ്ക്കൽ എന്നിവയിൽ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ വിവിധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള മികച്ച സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന്, ഫെഡറൽ പൊതു-സ്വകാര്യ പങ്കാളിത്തം നിയന്ത്രിക്കുന്നതിനുമാണ് 2023 ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 12 മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയത്. സർക്കാർ തന്ത്രപ്രധാനമായ പദ്ധതികളുടെ വിജയം ഉറപ്പാക്കിക്കൊണ്ട് വ്യക്തമായ നിയന്ത്രണ ചട്ടക്കൂടിനുള്ളിൽ വികസനപരവും തന്ത്രപരവുമായ പദ്ധതികളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം നിയമം പ്രോത്സാഹിപ്പിക്കുന്നു.
സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിലും സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യത്തിൻ്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി എല്ലാ തലങ്ങളിലും മുൻനിര റാങ്കുകൾ നേടുന്നതിലും യുഎഇ നേതൃത്വത്തിൻ്റെ കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ യുഎഇ ധനമന്ത്രാലയം ഇരട്ടിയാക്കി. ഈ ശ്രമത്തിൻ്റെ ഭാഗമായി, പങ്കാളിത്ത പദ്ധതികൾ അവതരിപ്പിക്കുന്നതിനുള്ള വിശദമായ വ്യവസ്ഥകൾ, മാർക്കറ്റ് പഠനങ്ങൾ, മൂല്യനിർണ്ണയങ്ങൾ, പ്രോജക്റ്റ് ഘടന, മാനേജ്മെൻ്റ് എന്നീ ഘടകങ്ങൾ ഉൾപ്പെടുത്തി പൊതു-സ്വകാര്യ പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള ഒരു ഗൈഡ് തയ്യാറാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
WAM/അമൃത രാധാകൃഷ്ണൻ