വാഷിംഗ്ടൺ, ഡിസി, 9 മെയ്, 2024 (WAM) --ബഹിരാകാശ മേഖലയിലെ യുഎഇയുടെ നേട്ടങ്ങൾക്ക് അംഗീകാരമായി വാഷിംഗ്ടൺ ഡിസിയിലെ മെറിഡിയൻ സ്പേസ് ഡിപ്ലോമസി ഫോറം ബഹിരാകാശ നയതന്ത്രത്തിനുള്ള ആദ്യ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബയ്ക്ക് സമ്മാനിച്ചു.
യുഎഇ ബഹിരാകാശ ഏജൻസിയുടെയും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററിൻ്റെയും കഠിനാധ്വാനവും അർപ്പണബോധവും പരിഗണിച്ചാണ് പുരസ്‌കാരം. ബഹിരാകാശ യാത്രികരുടെ പരിശീലനത്തിലും ദൗത്യങ്ങളിലും യുഎഇ നാസയുമായി സഹകരിച്ച് കഴിഞ്ഞ ദശകത്തിൽ ബഹിരാകാശത്ത് യുഎഇ-യുഎസ് ബന്ധം ഗണ്യമായി വികസിച്ചു. എമിറേറ്റ്‌സ് മാർസ് മിഷൻ 'ഹോപ്പ് പ്രോബ്', ഛിന്നഗ്രഹ വലയത്തിലേക്കുള്ള വരാനിരിക്കുന്ന ദൗത്യം എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾക്ക് യുഎസ് ഗവേഷണ സ്ഥാപനങ്ങളുമായുള്ള യുഎഇയുടെ പങ്കാളിത്തം സഹായകമായിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ യുഎഇയുടെ നേട്ടങ്ങളെ മെറിഡിയൻ ഇൻ്റർനാഷണൽ സെൻ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അംബാസഡർ സ്റ്റുവർട്ട് ഹോളിഡേ അഭിനന്ദിച്ചു.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ബഹിരാകാശ നയതന്ത്ര വാരത്തോട് അനുബന്ധിച്ച് നടന്ന മെറിഡിയൻ സ്പേസ് ഡിപ്ലോമസി ഫോറം, ആഗോള ബഹിരാകാശ വ്യവസായത്തിലെ പ്രമുഖർ, നയതന്ത്രജ്ഞർ, ബഹിരാകാശ ഏജൻസി ഉദ്യോഗസ്ഥർ, സ്വകാര്യ-മേഖലാ എക്‌സിക്യൂട്ടീവുകൾ എന്നിവരുൾപ്പെടെയുള്ളവരെ - സഹകരണ തന്ത്രങ്ങളും നൂതന നയതന്ത്ര സമീപനങ്ങളും പര്യവേക്ഷണം ചെയ്യാൻ ഒരുമിച്ച് കൊണ്ടുവരുന്നു.
WAM/അമൃത രാധാകൃഷ്ണൻ