അബുദാബി ജുഡീഷ്യറി 61.3% കുടുംബ തർക്കങ്ങൾ 2023 ൽ രമ്യമായി പരിഹരിച്ചു

അബുദാബി, 9 മെയ് 2024 (WAM) --അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് (എഡിജെഡി) 2023-ൽ 61.3%( 15,667 കേസുകൾ) കുടുംബ തർക്കങ്ങൾ വിജയകരമായി പരിഹരിച്ചു,അതേസമയം 5,969 കേസുകൾ കോടതികളിലേക്ക് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു. സഹിഷ്ണുതയുടെ സംസ്കാരം വളർത്തിയെടുക്കുന്നതിനും കുടുംബ ഐക്യവും സ്ഥിരതയും നിലനിർത്തുന്നതിന് സൗഹാർദ്ദപരമായ സംഘർഷ പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പിൻ്റെ പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത്.

കുടുംബ സുസ്ഥിരത, കെട്ടുറപ്പ്, സാമൂഹിക ഐക്യം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങൾക്ക് അനുസൃതമായി, ബദൽ തർക്ക പരിഹാര രീതികളോടുള്ള വകുപ്പിൻ്റെ പ്രതിബദ്ധത അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി ഊന്നിപ്പറഞ്ഞു. ബദൽ തർക്ക പരിഹാരങ്ങൾ, അനുരഞ്ജന കരാറുകൾ, പരസ്പര സമ്മതത്തോടെയുള്ള തർക്ക പരിഹാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നത് തുടരാൻ ഡിപ്പാർട്ട്മെൻ്റ് പദ്ധതിയിടുന്നു.

കൂടാതെ, ഡിപ്പാർട്ട്‌മെൻ്റിൻ്റെ വൈവിധ്യമാർന്ന ബോധവൽക്കരണ കാമ്പെയ്‌നുകളും സംരംഭങ്ങളും ഉയർന്ന നിരക്കിലുള്ള സൗഹാർദ്ദപരമായ ഒത്തുതീർപ്പുകൾ കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 'അനുരഞ്ജനം നല്ലതാണ്' എന്ന കാമ്പയിൻ കഴിഞ്ഞ വർഷം 47 കുടുംബ ബോധവൽക്കരണ ശിൽപശാലകൾ നടത്തി, ഇത് ഏകദേശം 4,000 വ്യക്തികളെ ഗുണപരമായി സ്വാധീനിച്ചു.

WAM/അമൃത രാധാകൃഷ്ണൻ