ജിയോ-സ്പേഷ്യൽ വീക്ക് 2025ന് എംബിആർസി ആതിഥേയത്വം വഹിക്കും

ദുബായ്, 9 മെയ് 2024 (WAM) --മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററും ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ ഫോട്ടോഗ്രാമെട്രി ആൻഡ് റിമോട്ട് സെൻസിങ്ങും സംയുക്തമായി ദുബായിൽ 2025 ഏപ്രിൽ 6 മുതൽ 11 വരെ ജിയോസ്‌പേഷ്യൽ വീക്ക് (ജിഎസ്‌ഡബ്ല്യു) നടത്തുമെന്ന് പ്രഖ്യാപിച്ചു. 'ഫോട്ടോഗ്രാമെട്രിയും റിമോട്ട് സെൻസിംഗും, ഒരു നല്ല നാളേയ്ക്ക്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കോൺഫറൻസ് ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാമെട്രി, റിമോട്ട് സെൻസിംഗ്, ബഹിരാകാശ ശാസ്ത്രം എന്നീ മേഖലകളിലെ വിദഗ്ധരെ ഒരുമിച്ച് കൊണ്ടു വരുന്നു.

നമ്മുടെ ഗ്രഹത്തിൻ്റെ സുസ്ഥിരമായ ഭാവിയിലേക്ക് സംഭാവന നൽകുന്നതിന് അത്യാധുനിക ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകളും പുരോഗമന ശാസ്ത്രവും പ്രദർശിപ്പിക്കുന്നതിനുള്ള വർക്ക്ഷോപ്പുകൾ, പ്ലീനറി സെഷനുകൾ, അവതരണങ്ങൾ എന്നിവയുടെ ഒരു പരമ്പര ആറ് ദിവസത്തെ ഇവൻ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ ഏറ്റവും വലിയ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ ശാസ്ത്രീയ പ്രദർശനങ്ങളും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

കൂടാതെ, ജിഎസ്ഡബ്ല്യു 2025 അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞർക്കും ഈ മേഖലയിലെ പ്രൊഫഷണലുകൾക്കും പഠിക്കാനും ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ധാരണ പങ്കിടാനും ആപ്ലിക്കേഷൻ കഴിവുകൾ മെച്ചപ്പെടുത്താനും ഒരു സവിശേഷ പ്ലാറ്റ്ഫോം നൽകും.

സൊസൈറ്റി ഓഫ് ഫോട്ടോഗ്രാമെട്രി, റിമോട്ട് സെൻസിംഗ് എന്നിവയ്ക്ക് അകത്തും പുറത്തുമുള്ള സെമിനാർ ഗ്രൂപ്പുകൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക, സൊസൈറ്റിയുടെ വാർഷിക പ്രവർത്തനങ്ങളുടെ ദൃശ്യപരതയും സ്വാധീനവും വർദ്ധിപ്പിക്കുക, അംഗങ്ങൾക്ക് വാർഷിക പരിപാടികളിൽ പങ്കെടുക്കാൻ ആകർഷകമായ അവസരം നൽകുക എന്നിവയും ഈ പരിപാടി ലക്ഷ്യമിടുന്നു.


WAM/അമൃത രാധാകൃഷ്ണൻ